ന്യൂഡല്‍ഹി: കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ജാമ്യം ലഭിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പ് നൽകി. കന്യാസ്ത്രികളുടെ ജാമ്യത്തിന് വിചാരണക്കോടതിയെ വീണ്ടും സമീപിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിർദ്ദേശിച്ചു. ജാമ്യാപേക്ഷയെ ഛത്തിസ്ഗഡ് സർക്കാർ എതിർക്കില്ലന്ന് അദ്ദേഹം ഉറപ്പ് നൽകി.
കേരളത്തില്‍ നിന്നുള്ള എംപിമാര്‍ അമിത് ഷായെ കണ്ടതിനു പിന്നാലെയാണ് ഇക്കാര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ഉറപ്പ് നല്‍കിയത്. കന്യാസ്ത്രികൾക്കെതിരായ കേസിൽ രാഷ്ട്രീയ താൽപ്പര്യങ്ങളില്ലെന്നും തന്നെ കണ്ട കേരള എംപി മാരോട് അദ്ദേഹം പറഞ്ഞു. ജാമ്യം ലഭിച്ച ശേഷം കേസ് റദ്ദാക്കാൻ ശ്രമിക്കാമെന്നും അമിത് ഷാ പറഞ്ഞു.
വിഷയത്തില്‍ അനുകൂല നിലപാട് ഉണ്ടാകുമെന്ന് ഉറപ്പു നല്‍കിയ അമിത് ഷാ ജാമ്യത്തിനായി വീണ്ടും വിചാരണ കോടതിയെ സമീപിക്കാൻ നിര്‍ദേശിച്ചതായാണു വിവരം. ഇന്നോ നാളെയോ തന്നെ കന്യാസ്ത്രീകളുടെ മോചനത്തിന് വേണ്ടിയുള്ള നടപടികള്‍ ഉണ്ടാകുമെന്നും കേരളത്തില്‍ നിന്നുള്ള എംപിമാര്‍ അറിയിച്ചു. നേരത്തേ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയില്‍ നിന്ന് അമിത് ഷാ വിവരം തേടിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം ജാമ്യം ലഭിക്കാതിരുന്നതിന്റെ വിശദാംശങ്ങളും അമിത് ഷാ തേടിയതായാണു വിവരം.
അതേസമയം കേസില്‍ ജയിലിൽ കഴിയുന്ന കന്യാസ്ത്രീകൾ നാളെ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകും. ഇതിനിടെ കന്യാസ്ത്രീകളുടെ അറസ്റ്റിനെ ന്യായീകരിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണുദേവ് സായി വീണ്ടും രംഗത്തെത്തി. പൊലീസ് ചെയ്യുന്നത് അവരുടെ ജോലിയാണെന്നാണു നടപടികളെ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ന്യായീകരിച്ചത്. കന്യാസ്ത്രീകള്‍ക്കൊപ്പം ഉണ്ടായിരുന്ന മൂന്ന് യുവതികളെയും മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചിട്ടുണ്ട്. ഛത്തീസ്ഗഡ് സര്‍ക്കാരിന്‍റെ സംരക്ഷണ ആലയത്തിലായിരുന്നു ഇവരെ പാര്‍പ്പിച്ചിരുന്നത്.
















