റായ്പൂര്‍: ഛത്തീസ്ഗഢിലെ ജയിലിൽ കഴിയുന്ന കന്യാസ്ത്രീകൾ ഇന്ന് ഹൈകോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കും. ബിലാസ്പൂരിലെ ഹൈക്കോടതിയിൽ സഭാ നേതൃത്വം ആണ് കന്യാസ്ത്രീകൾക്ക് വേണ്ടി ഹർജി നൽകുന്നത്. നിയമവിദഗ്‌ധരുമായി ചർച്ചനടത്തിയശേഷം കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ)യാണ് വെള്ളിയാഴ്ച ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്. പഴുതടച്ച ജാമ്യാപേക്ഷ നൽകാനാണ് തീരുമാനം. മുതിർന്ന അഭിഭാഷകരെ നിയോഗിക്കും. മജിസ്‌ട്രേറ്റ് കോടതിയും സെഷൻസ് കോടതിയും കഴിഞ്ഞദിവസം ജാമ്യാപേക്ഷ പരിഗണിച്ചിരുന്നില്ല.
ജാമ്യാപേക്ഷയെ ഛത്തീസ്ഗഡ് സർക്കാർ എതിർക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പുനൽകിയിട്ടുണ്ട്. ജാമ്യം ലഭിച്ചാൽ ഇന്നു തന്നെ കന്യാസ്ത്രീകൾക്ക് പുറത്തിറങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഒരാഴ്ചയായി കന്യാസ്ത്രീകൾ ജയിലിൽ തുടരുകയാണ്..
ബിലാസ്പൂരിലെ ഛത്തീസ്ഗഡ് ഹൈക്കോടതിയിലാണ് കന്യാസ്ത്രീകൾക്ക് വേണ്ടി ജാമ്യാപേക്ഷ നൽകുന്നത്. കോടതി പ്രവർത്തനമാരംഭിക്കുമ്പോൾ തന്നെ ജാമ്യാപേക്ഷ നൽകും. ഛത്തീസ്ഗഢ് മുൻ അഡിഷണൽ അഡ്വ. ജനറൽ അമൃതോ ദാസ് ആണ് കന്യാസ്ത്രീകൾക്കായി ഹൈക്കോടതിയിൽ ഹാജരാകുന്നത്. ജാമ്യത്തിനായി ഇടപെടുമെന്നും ജാമ്യാപേക്ഷയെ ഛത്തീസ്ഗഢ് സർക്കാർ എതിർക്കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഉറപ്പ് നൽകിയിരുന്നു. അതേസമയം കന്യാസ്ത്രീകൾ നിരപരാധിയാണെന്ന പെൺകുട്ടികളുടെ മൊഴി ബജ്റംഗ്ദളിനെ പ്രതിരോധത്തിലാക്കുകയാണ്. ബജ്റംഗ്ദൾ പ്രവർത്തകർ പറഞ്ഞത് പ്രകാരം കേസെടുക്കാൻ പൊലീസ് തയാറായെന്നായിരുന്നു മൊഴി.
















