ഇടുക്കി: തമിഴ്‌നാട്-കേരള അതിര്‍ത്തിയില്‍ ചിന്നാര്‍ ചെക്ക്‌പോസ്റ്റില്‍നിന്ന് പുലിപ്പല്ലുമായി പിടികൂടിയ ആളെ ഉദുമല്‍പേട്ട ഫോറസ്റ്റ് റേഞ്ച് ഓഫീസിലെ ശൗചാലയത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. സംഭവത്തിൽ ദുരൂഹത എന്ന് ആരോപണം. ചിന്നാറിന് സമീപം തമിഴ്‌നാട് ആനമല കടുവ സങ്കേതത്തിനുള്ളിലെ മേല്‍ കുറുമല ഉന്നതിയിലെ മാരിമുത്തു (53)ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സൂര്യനെല്ലി ചെമ്പകത്തൊഴു സ്വദേശി മാരി മുത്തുവിനെ പുലിപ്പല്ല് സഹിതം തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുന്നത്. കേരള തമിഴ്നാട് അതിർത്തിയിലെ ചിന്നാർ ചെക്പോസ്റ്റിൽ നിന്നായിരുന്നു ഇയാളെ പിടികൂടിയത്.
തമിഴ്നാട് വനം വകുപ്പ് കസ്റ്റഡിയിലെടുത്ത ഇയാളെ ശുചുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവം കസ്റ്റഡി മരണം ആണെന്നാണ് ആദിവാസി സംഘടനകളുടെ ആരോപണം. മാരിമുത്തുവിനെ ഉടുമലൈ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ച് കൊന്നതായി ആരോപിച്ച് ഉദുമല്‍പ്പേട്ട റേഞ്ച് ഓഫീസിന് മുന്നില്‍ ഗോത്രസമൂഹം വന്‍ പ്രതിഷേധം സംഘടിപ്പിച്ചു. മൂന്നുവര്‍ഷമായി മാരിമുത്തുവും കുടുംബവും മൂന്നാറിനടുത്തുള്ള ചെമ്പകതൊഴുകുടിയിലാണ് താമസിക്കുന്നത്. തുടർന്ന് ആദിവാസി സംഘടന പ്രവർത്തകർ ഉദുമൽപേട്ടയിലെ വനംവകുപ്പ് ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.
പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം തിരുപ്പൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി നടപടി എടുക്കാമെന്ന് വനം, പോലീസ് ഉദ്യോഗസ്ഥര്‍ ഉറപ്പുകൊടുത്ത് പ്രതിഷേധക്കാരെ തിരിച്ചയച്ചു. സംഭവത്തില്‍ ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ രാജേഷ്, ഉദുമല്‍പേട്ട ആര്‍ഡിഒ എന്‍. കുമാര്‍, ഉദുമല്‍പേട്ട ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് നമശിവായം എന്നിവര്‍ സംയുക്ത അന്വേഷണം തുടങ്ങി.
















