തൃശൂർ: മലക്കപ്പാറയിൽ നാലു വയസുകാരന് നേര പുലിയുടെ ആക്രമണം. വീട്ടിൽ ഉറങ്ങിക്കിടന്ന കുട്ടിയെയാണ് പുലി ആക്രമിച്ചത്. കുട്ടി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മലക്കപ്പാറ വീരൻകുടി ഊരിലാണ് പുലിയുടെ ആക്രമണമുണ്ടായത്. ബേബിയുടെയും രാധികയുടെയും മകനായ രാഹുലിനെയാണ് പുലി ആക്രമിച്ചത്. ഇന്ന് പുലർച്ചെ 2.45 ഓട് കൂടിയാണ് കുടുംബം ഉറങ്ങിക്കിടന്ന കുടിലിലേക്ക് പുലി എത്തിയത്. കുട്ടിയെ വലിച്ചുകൊണ്ട് പോകാൻ ശ്രമിച്ചെങ്കിലും മാതാപിതാക്കൾ ബഹളം വച്ചതോടെ പുലി ഓടി രക്ഷപ്പെടുകയായിരുന്നു.
കുട്ടിയെ പുലി കടിച്ചുകൊണ്ടുപോകുന്നത് കണ്ടാണ് ഉണര്‍ന്നതെന്ന് പിതാവ് പറയുന്നു. ഉടന്‍ തന്നെ ബഹളം വെക്കുകയും കുട്ടിയെ ഉപേക്ഷിച്ച് പുലി ഓടിപ്പോകുകയുമായിരുന്നുവെന്നും പിതാവ് പറയുന്നു. കുട്ടിയുടെ തലക്ക് പിറകിലായി മുറിവുണ്ട്. തേയില തൊഴിലാളികളാണ് ബേബിയും രാധികയും. കുട്ടി ഇപ്പോള്‍ ചികിത്സയിലാണ്.
















