തിരുവനന്തപുരം: ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ചെന്നൈ- കൊല്ലം റൂട്ടിൽ സ്‌പെഷ്യൽ 15 കോച്ചുള്ള എസി ട്രെയിൻ അനുവദിച്ചു. ചെന്നൈ സെൻട്രൽ- കൊല്ലം പ്രതിവാര സ്‌പെഷ്യൽ (06119) 27, സെപ്‌തംബർ 3, 10 തീയതികളിൽ സർവീസ് നടത്തും.
ചെന്നൈ സെൻട്രൽ–കൊല്ലം (06119) ട്രെയിൻ ഓഗസ്റ്റ് 27, സെപ്റ്റംബർ മൂന്ന്, 10 തീയതികളിൽ ചെന്നൈ സെൻട്രലിൽനിന്ന് വൈകീട്ട് 3.10-ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.20-ന് കൊല്ലത്തെത്തും. കൊല്ലം–ചെന്നൈ സെൻട്രൽ (06120) ട്രെയിൻ ഓഗസ്റ്റ് 28, സെപ്റ്റംബർ നാല്, 11 തീയതികളിൽ രാവിലെ 10.45-ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ മൂന്നരയോടെ ചെന്നൈയിലെത്തും വിധമാണ് സർവീസ്. കേരളത്തിൽ പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്‌താംകോട്ട എന്നിവിടങ്ങളിൽ സ്‌റ്റോപ്പ് ഉണ്ടാകും.
















