തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ ഉപകരണങ്ങളുടെ ക്ഷാമം അറിയിച്ചില്ലെന്ന ആരോഗ്യവകുപ്പ് അന്വേഷണ റിപ്പോർട്ടിലെ വാദം പൊളിയുന്നു. ഡോ. ഹാരിസ് ഹസൻ ശസ്ത്രക്രിയ ഉപകരണങ്ങൾ ആവശ്യപ്പെട്ട് മെഡിക്കൽ കോളജ് സൂപ്രണ്ടിന് അയച്ച കത്ത് പുറത്ത്.
മൂത്രാശയ ചികിത്സയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ ഇല്ലാത്തതിനാൽ രോഗികൾക്ക് കൃത്യമായ ചികിത്സ നൽകാൻ കഴിയുന്നില്ലെന്നാണ് കത്തുകളിൽ ഡോ. ഹാരിസ് ചൂണ്ടിക്കാട്ടുന്നത്. രോഗികൾക്ക് മറ്റു ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാൻ അടിയന്തരമായി ഉപകരണങ്ങൾ വാങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മാർച്ചിലും ജൂണിലുമായാണ് ഡോ. ഹാരിസ് കത്തുകൾ നൽകിയത്.
കഴിഞ്ഞദിവസമാണ് മെഡിക്കൽ കോളജിൽ ഉപകരണക്ഷാമം ഉണ്ടെന്ന് തുറന്നുപറഞ്ഞ ഹാരിസ് ചിറക്കലിന് ആരോഗ്യവകുപ്പിന്റെ കാരണം കാണിക്കൽ നോട്ടീസ് നല്‍കിയത്. ഹാരിസ് എത്രയും വേഗം വിശദീകരണം നൽകണമെന്ന് ഡിഎംഇ ആവശ്യപ്പെട്ടു. ഹാരിസ് നടത്തിയത് സർവീസ് ചട്ടലംഘനം ആണെന്ന വിലയിരുത്തലിലാണ് ആരോഗ്യവകുപ്പ്.
അതേസമയം, തിരുവനന്തപുരം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ ഉപകരണ ക്ഷാമ വെളിപ്പെടുത്തലിലെ കാരണം കാണിക്കൽ നോട്ടീസിന് ഉടൻതന്നെ ഡോ. ഹാരിസ് ചിറക്കൽ മറുപടി നൽകും. തന്റെ തുറന്നുപറച്ചിലുകളിൽ ഉറച്ചുനിൽക്കുന്നു എന്നാണ് ഹാരിസ് ചിറക്കലിന്റെ നിലപാട്. വിദഗ്ധസമിതിയുടെ അന്വേഷണറിപ്പോർട്ട് പുറത്തുവിടണമെന്നും ഡോ.ഹാരിസ് ആവശ്യപ്പെട്ടിരുന്നു.
















