ചപ്പാത്തിക്കും ചോറിനുമെല്ലാം കൂടെ കഴിക്കാൻ ഒരുഗ്രൻ കറി ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
- 3 ഉരുള കിഴങ്ങ്
- ഒരു ഇടത്തരം സവാള
- 1 തക്കാളി
- 1 ടേബിൾ സ്പൂൺ ഇഞ്ചി ചതച്ചത്
- 1 ടേബിൾസ്പൂൺ വെളുത്തുള്ളി ചതച്ചത്
- ഒരു തണ്ട് കറിവേപ്പില
- 1/4 ടീസ്പൂൺ മഞ്ഞൾ പൊടി
- 2 ടീസ്പൂൺ മുളക് പൊടി
- 1/2 ടീസ്പൂൺ ഗരം മസാല
- 1 ടേബിൾ സ്പൂൺ മല്ലിപൊടി
- 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ
- 1/4 ടീസ്പൂൺ കടുക്
- ആവശ്യത്തിന് ഉപ്പ്
തയ്യാറാക്കുന്ന വിധം
ഒരു പ്രഷർ കുക്കറിൽ വെളിച്ചെണ്ണ ഒഴിച്ച് അതിൽ കടുക് പൊട്ടിക്കുക ശേഷം ഇതിലേക്ക് കറിവേപ്പില ഇഞ്ചി, വെളുത്തുള്ളി ചതച്ചത് ചേർത്ത് ഇളക്കുക. ശേഷം സവാളയും ചേർത്ത് വഴറ്റാം. സവാള വഴണ്ട് വരുമ്പോൾ ഇതിലേക്ക് മഞ്ഞൾ പൊടി, മുളക് പൊടി, ഗരം മസാല, മല്ലിപൊടി എന്നിവ ചേർക്കാം. പൊടിയുടെ പച്ചമണം മാറുമ്പോൾ ഇതിലേക്ക് തക്കാളി ചേർക്കാം. തക്കാളി വെന്ത് തുടങ്ങുമ്പോൾ ഇതിലേക്ക് ഉരുള കിഴങ്ങ് ചേർത്ത് കൊടുക്കാം. ഇതിലേക്ക് ആവിശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് 2 വിസിൽ വരുന്നത് വരെ വേവിക്കുക. അവസാനമായി കുറച്ച് മല്ലിയില കൂടെ ചേർത്താൽ സ്വാദിഷ്ടമായ കറി റെഡി.
















