വയനാട് മുണ്ടക്കൈ -ചൂരൽമല ദുരന്ത ബാധിതരുടെ വായ്പ എഴുതി തള്ളുന്നതിൽ തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. ദുരന്തം നടന്നിട്ട് ഒരു വർഷമായെന്നും ഇനി എപ്പോൾ തീരുമാനം എടുക്കുമെന്നും കോടതി ചോദിച്ചു.
എപ്പോൾ തീരുമാനം എടുക്കാനാകുമെന്നും കേന്ദ്ര സർക്കാരിനോട് ഡിവിഷൻ ബെഞ്ച് ചോദിച്ചു.കേന്ദ്ര തീരുമാനം വൈകരുതെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ബാങ്കുകൾ ദുരന്ത ബാധിതരുടെ വായ്പ എഴുതി തള്ളിയെന്ന് നിരീക്ഷിച്ച കോടതി അത് മാതൃകയാക്കിക്കൂടേയെന്നും കേന്ദ്ര സർക്കാരിനോട് ചോദിച്ചു. ഹർജികൾ അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കും.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും അതിന്റെ വാദപ്രതിവാദങ്ങൾ പുരോഗമിക്കുന്നതിന്റെയും ഇടയിലാണ് ദുരന്ത ബാധിതരുടെ കടം എഴുതി തള്ളാനായി എന്ത് നിലപാട് സ്വീകരിച്ചുവെന്ന കാര്യത്തിൽ കഴിഞ്ഞതവണ ഹർജി പരിഗണിക്കവെ കോടതി ചോദിച്ചിരുന്നു.
എന്നാൽ കേന്ദ്രം ഇതിന് നൽകിയ ആദ്യ മറുപടി ദുരന്ത നിവാരണ അതോറിറ്റിയുമായി ബന്ധപ്പെട്ട് ചില ഭേദഗതികൾ വന്നിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ വായ്പ എഴുതി തള്ളാനുള്ള അധികാരം നിലവിൽ ഇല്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു.
















