ബെംഗളൂരുവിൽ 13 വയസ്സുള്ള സ്കൂൾ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയത്. ക്രൈസ്റ്റ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ നിശ്ചിത്തിനെ ബുധനാഴ്ച വൈകുന്നേരം അരക്കെരെയിലെ ശാന്തിനികേതൻ ലേഔട്ടിൽ ട്യൂഷൻ ക്ലാസുകൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ തട്ടിക്കൊണ്ടുപോയത്. തുടർന്ന് ഒരു ദിവസത്തിനുശേഷം, കുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹം വിജനമായ ഒരു സ്ഥലത്ത് നിന്ന് കണ്ടെത്തി.
കുട്ടിയെ വിട്ടയക്കാൻ 5 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് കുടുംബത്തിന് ഫോൺകോൾ വന്നിരുന്നു. കുടുംബം ഈ ആവശ്യം നിറവേറ്റാൻ തയ്യാറായിട്ടും, പോലീസിന്റെ വേഗത്തിലുള്ള പ്രതികരണവും ഉണ്ടായിരുന്നിട്ടും, സ്ഥിതിഗതികൾ ദാരുണമായി മാറുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.
ഇവരെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പോലീസിനെ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർക്ക് വെടിയുതിർക്കേണ്ടിവന്നു. പരിക്കേറ്റ പ്രതികൾ ആശുപത്രിയിൽ ചികിത്സയിലാണ്.
















