ഇൻസ്റ്റയിൽ പരിചയപ്പെട്ട യുവതിയെ ജന്മദിനം ആഘോഷിക്കാനായി വീട്ടിലേക്ക് വിളിച്ചുവരുത്തി യുവാവ് പീഡിപ്പിച്ചതായി പരാതി. മണികൊണ്ടയില്‍ നിന്നുള്ള 25 കാരിയായ ഐടി ജീവനക്കാരിയുടെ പരാതിയിൽ ഐടി ജീവനക്കാരനായ 24 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തിൽ ബാലാനഗറിൽ താമസക്കാരനായ നൽഗൊണ്ട സ്വദേശി ജെ. സിദ്ധ റെഡ്ഡി (24) ആണ് അറസ്റ്റിലായത്. യുവതിയുടെ പരാതിയിൽ ബാലനഗര്‍ പൊലീസ് പ്രതിക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അറസ്റ്റിന് ശേഷം പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
നഗരത്തിലെ ഒരു സ്വകാര്യ ഐടി സ്ഥാപനത്തിൽ ജീവനക്കാരനായ സിദ്ധ റെഡ്ഡി ഇൻസ്റ്റഗ്രാമിലൂടെയാണ് 25 കാരിയുമായി പരിചയത്തിലാകുന്നത്. ചാറ്റുകളിലൂടെയും ഫോണ്‍കോളുകളിലൂടെയും സൗഹൃദം സ്ഥാപിച്ചശേഷം യുവാവ് ജന്മദിനം ആഘോഷിക്കാനെന്ന വ്യാജേന യുവതിയെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു.
വീട്ടിലെത്തി ഇരുവരും ജന്മദിനം ആഘോഷിച്ചു. പിന്നീട് ആഘോഷത്തിന്‍റെ ഭാഗമായി യുവാവ് നൽകിയ ബിയർ യുവതി കുടിച്ചു. ഇതിന് ശേഷമാണ് പ്രതി തന്നെ കയറിപ്പിടിച്ച് പീഡിപ്പിച്ചതെന്ന് യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. യുവാവിന്‍റെ വീട്ടിൽ നിന്നും ഇറങ്ങി ഓടിയ യുവതി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
















