വൈകീട്ട് ചായക്കൊപ്പം കഴിക്കാൻ കിടിലൻ സ്വാദിലൊരു ചിക്കൻ കട്ലറ്റ് ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
- റവ
- ചിക്കൻ
- സവാള
- പച്ചമുളക്
- വെളുത്തുള്ളി
- ഇഞ്ചി
- മല്ലിപ്പൊടി
- മഞ്ഞൾ പൊടി
- ഗരം മസാല പൊടി
- ഉപ്പ്
- ഒലിവ് ഓയിൽ / വെളിച്ചെണ്ണ
തയാറാക്കുന്ന വിധം
ചെറുതായി നുറുക്കിയ ചിക്കൻ വളരെ കുറച്ച് ഒലിവ് എണ്ണയിലോ വെളിച്ചെണ്ണയിലോ വറുത്തെടുത്ത് മാറ്റി വെക്കുക. ഒരു പാനിലേക്ക് എണ്ണ ഒഴിച്ച് സവാള നന്നായി വഴറ്റിയതിനു ശേഷം അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് അരച്ചെടുത്തത് ചേർക്കാം. പച്ച മണം മാറി കഴിയുമ്പോൾ അതിലേക്ക് പൊടികൾ എല്ലാം ചേർത്തുകൊടുത്ത് നന്നായി വഴറ്റി എടുക്കുക.
ഉപ്പിടാൻ മറക്കല്ലേ. ശേഷം വറുത്ത് മാറ്റി വെച്ച ചിക്കൻ ഒന്ന് മിക്സിയിൽ പൊടിച്ച് ചേർക്കുക. ശേഷം മൂന്നോ നാലോ ടേബിൾ സ്പൂൺ റവ ചേർത്ത് കൊടുക്കാം. കൂടെ റവ വേവാൻ ആവശ്യത്തിന് അൽപ്പം വെള്ളവും ഒഴിച്ച് അടച്ചുവെച്ചു ചെറിയ തീയിൽ ഇട്ട് വേവിക്കുക.
കൈയിൽ കുഴച്ചെടുക്കാം പാകം ആയി എന്ന് ഉറപ്പു വരുത്തി ഗ്യാസ് ഓഫ് ചെയ്യാം. നിങ്ങൾക്ക് ഇഷ്ടമുള്ള ആകൃതിയിൽ കട്ട്ലറ്റ് പരത്തി എടുക്കാം. ശേഷം മുട്ടയിൽ മുക്കി ബ്രൗൺ ബ്രെഡ് ക്രമ്സിൽ പൊതിഞ്ഞു എയർ ഫ്രൈ ചെയ്തു എടുക്കാം.
















