ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കന്യാസ്ത്രീകൾക്ക് നേരെ നടന്ന കടന്നാക്രമണത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.
ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്നും തെറ്റായ നിലപാടു തുറന്ന് കാണിക്കാൻ ഓഗസ്റ്റ് 3, 4 തീയതികളിൽ മണ്ഡലങ്ങളിൽ എൽഡിഎഫ് പ്രതിഷേധ സംഗമം നടത്തുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
പൊലീസ് നോക്കി നിൽക്കെയാണ് സംഘപരിവാർ കടന്നാക്രമണമുണ്ടായതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. സംഘപരിവാർ രാഷ്ട്രീയ അജണ്ട നടപ്പാക്കുകയാണ്. ബിജെപിയുടെ ഇത്തരം അജണ്ടയിൽ അത്ഭുതമില്ല. മനുഷ്യക്കടത്ത് ആരോപിച്ച് രാജ്യദ്രോഹ കുറ്റവും ചുമത്തി. ഒറ്റപ്പെട്ട നീക്കമല്ല, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സംഘപരിവാർ അജണ്ടയാണെന്ന് അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയിലും കർണാടകയിലും സമാന സംഭവം ഉണ്ടാകുന്നു. കേരളത്തിൽ വോട്ട് ലക്ഷ്യമിട്ട് സംഘപരിവാർ വിഭാഗങ്ങൾ അരമന കയറി ഇറങ്ങുകയാണ്. കോൺഗ്രസ് നിലപാട് പ്രതിഷേധാർഹമാണ്. ഛത്തീസ്ഗഡിലെ കോൺഗ്രസ് ഒരു നടപടിയും എടുത്തില്ല. അവിടുത്തെ നേതാക്കൾ പ്രതിഷേധിക്കാൻ പോലും തയാറായില്ലെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
















