1961ല്‍ സ്ഥാപിതമായതിനുശേഷം കഴക്കൂട്ടം സൈനിക സ്‌കൂള്‍ ആദ്യമായി അഖിലേന്ത്യാ സൈനിക സ്‌കൂള്‍ ഹോക്കി ടൂര്‍ണമെന്റില്‍ കിരീടം സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ചു. കഴക്കൂട്ടം സൈനിക സ്‌കൂളിന്റെ കായിക ചരിത്രത്തിലെ ഒരു മഹത്തായ അധ്യായം അടയാളപ്പെടുത്തലാണ് ഈ കിരീട നേട്ടം. ജൂലൈ 22 മുതല്‍ 30 വരെ അമരാവതി നഗര്‍ സൈനിക സ്‌കൂള്‍ ആതിഥേയത്വം വഹിച്ച ദേശീയതല അണ്ടര്‍-17 ടൂര്‍ണമെന്റില്‍ രാജ്യത്തുടനീളമുള്ള ഇന്‍ട്രാ ഗ്രൂപ്പ് മത്സരങ്ങളിലൂടെ തിരഞ്ഞെടുക്കപ്പെട്ട മികച്ച ടീമുകള്‍ക്കിടയില്‍ കടുത്ത മത്സരം നടന്നു.
ഫൈനലില്‍ സൈനിക സ്‌കൂള്‍ ഭുവനേശ്വറിനെതിരെ 2-1നാണ് കഴക്കൂട്ടം സൈനിക സകൂള്‍ ആവേശകരമായ വിജയം കരസ്ഥമാക്കിയത്. സെമിഫൈനലില്‍ തിലയ്യ സൈനിക സ്‌കൂളിനെ 3-0 ന് പരാജയപ്പെടുത്തിയാണ് ഫൈനലില്‍ സ്ഥാനം ഉറപ്പിച്ചിത്. കേഡറ്റ് വികാസ് കുമാറിന്റെ നേതൃത്വത്തില്‍ അണ്ടര്‍-17 വിഭാഗത്തിലെ ടൂര്‍ണമെന്റിലുടനീളം കഴക്കൂട്ടം സൈനിക സ്‌കൂള്‍ ടീം അസാധാരണമായ മനക്കരുത്ത്, ഏകോപനം, തന്ത്രപരമായ കഴിവ് എന്നിവ പ്രകടിപ്പിച്ചു. ടൂര്‍ണമെന്റിലെ മികച്ച ഗോള്‍കീപ്പറായി കേഡറ്റ് ദീപേഷ് ധക്കഡിനെ തെരഞ്ഞെടുത്തു.
പരിശ്രമത്തിന്റെയും അച്ചടക്കമുള്ള പരിശീലനത്തിന്റെയും ഫലമാണ് അവരുടെ ചരിത്രപരമായ ഈ വിജയം. ഈ ജയത്തോടെ, നവംബര്‍ 26 മുതല്‍ ഡിസംബര്‍ 06 വരെ ഡല്‍ഹിയില്‍ നടക്കുന്ന 53-ാമത് നെഹ്റു ജൂനിയര്‍ ഹോക്കി ടൂര്‍ണമെന്റിലേക്ക് (അണ്ടര്‍-17) കഴക്കൂട്ടം സൈനിക സ്‌കൂള്‍ യോഗ്യത നേടി. ആറ് പതിറ്റാണ്ടിലേറെയുള്ള ഒരു സ്വപ്നത്തിന്റെ സാക്ഷാത്കരിക്കപ്പെട്ട തിളക്കമാര്‍ന്ന പ്രതീകമായ എവര്‍റോളിംഗ് ട്രോഫി ഇപ്പോള്‍ കഴക്കൂട്ടം സൈനിക സ്‌കൂളിന്റെ അഭിമായി ഉയര്‍ന്നു നില്‍ക്കുന്നു ശരിക്കും ചരിത്രപരവും കഠിനാധ്വാനം കൊണ്ട് നേടിയതുമാണ് ഈ വിജയം.
CONTENT HIGH LIGHTS; Kazhakoottam Sainik School won the All India Sainik School Hockey Tournament Championship Trophy
















