കേരള ക്രിക്കറ്റ് ലീഗ് സീസണ്‍-2 കിരീടം ലക്ഷ്യമിടുന്ന അദാണി ട്രിവാന്‍ഡ്രം റോയല്‍സ് ടീം പരിശീലനത്തിനായി പോണ്ടിച്ചേരിയിലേക്ക് യാത്ര തിരിച്ചു. ടീമിന്റെ ഔദ്യോഗിക യാത്രയുടെ ഫ്ലാഗ് ഓഫ് വെള്ളിയാഴ്ച കൊച്ചി ജെയിന്‍ യൂണിവേഴ്സിറ്റി ക്യാമ്പസില്‍ നടന്നു. ടീം ഉടമയും പ്രോ വിഷന്‍ സ്പോര്‍ട്സ് മാനേജ്മെന്റ് ഡയറക്ടറുമായ ജോസ് പട്ടാറയാണ് ഫ്ളാഗ് ഓഫ് നിര്‍വഹിച്ചത്. പോണ്ടിച്ചേരിയിലെ പരിശീലന ക്യാമ്പ് ടീമിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കരുത്ത് പകരുമെന്ന് ജോസ് പട്ടാറ പറഞ്ഞു.
പരിചയസമ്പന്നരായ കളിക്കാര്‍ക്കും യുവതാരങ്ങള്‍ക്കും ഒരുപോലെ തിളങ്ങാനും, പ്രചോദനമാകാനും, ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി താരങ്ങളായി മാറാനുമുള്ള വേദിയാണിതെന്ന് ടീം ഡയറക്ടര്‍ റിയാസ് ആദം പറഞ്ഞു. ടീമിന്റെ ലക്ഷ്യം ഇത്തവണത്തെ കെസിഎല്‍ കിരീടമാണെന്ന് ക്യാപ്റ്റന്‍ കൃഷ്ണ പ്രസാദ് പറഞ്ഞു. ടീം പൂര്‍ണ്ണ ആത്മവിശ്വാസത്തിലാണ്. പോണ്ടിച്ചേരിയിലെ പരിശീലനം ഞങ്ങളുടെ ഒത്തിണക്കം വര്‍ധിപ്പിക്കാനും തന്ത്രങ്ങള്‍ മെനയാനും സഹായിക്കുമെന്നും ക്യാപ്റ്റന്‍ വ്യക്തമാക്കി. കേരളത്തിലെ മണ്‍സൂണ്‍ കാലം കണക്കിലെടുത്ത്, കളിക്കാര്‍ക്ക് യാതൊരു തടസ്സങ്ങളുമില്ലാതെ പരിശീലനം ഉറപ്പാക്കുന്നതിനാണ് ഇത്തവണയും
പോണ്ടിച്ചേരിയിലെ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം തിരഞ്ഞെടുത്തിരിക്കുന്നതെന്ന് മുഖ്യ പരിശീലകന്‍ മനോജ് എസ് പറഞ്ഞു. തടസങ്ങളില്ലാതെയുള്ള പരിശീലനം താരങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകുമെന്നും ടീം ഐക്യം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കായികരംഗത്തെ പ്രോത്സാഹിപ്പിക്കുന്നതില്‍ ജെയിന്‍ യൂണിവേഴ്സിറ്റി എപ്പോഴും മുന്‍പന്തിയിലാണെന്നും ട്രിവാന്‍ഡ്രം റോയല്‍സിന്റെ ഫ്ലാഗ് ഓഫിന് വേദിയാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും ജെയിന്‍ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടര്‍ ഡോ. ടോം ജോസഫ് പറഞ്ഞു.
പ്രമുഖ സംവിധായകന്‍ പ്രിയദര്‍ശനും ജോസ് പട്ടാറയും നേതൃത്വം നല്‍കുന്ന പ്രോ-വിഷന്‍ സ്പോര്‍ട്സ് മാനേജ്മെന്റിന്റെ ഉടമസ്ഥതയിലുള്ള ടീമിന്റെ മുഖ്യ രക്ഷാധികാരി ശശി തരൂര്‍ എംപിയാണ്. ചടങ്ങില്‍ അദാണി ട്രിവാന്‍ഡ്രം റോയല്‍സ് വനിതാ ടീം സിഇഒ സമേറ മത്തായി, ഉടമകളായ ഷിബു മത്തായി, റിയാസ് ആദം, ടോം ജോസഫ്, ട്രിവാന്‍ഡ്രം റോയല്‍സ് താരങ്ങള്‍, മുഖ്യ പരിശീലകന്‍ മനോജ് എസ്, ടീം മാനേജര്‍ രാജു മാത്യു, മറ്റു സപ്പോര്‍ട്ടീവ് സ്റ്റാഫുകള്‍ ചടങ്ങില്‍ പങ്കെടുത്തു.
CONTENT HIGH LIGHTS; Adani Trivandrum Royals travel to Pondicherry for training; held at Flag Off Kochi
















