കേരള നിയമസഭയിലെ ജി. കാര്‍ത്തികേയന്‍ മ്യൂസിയത്തില്‍ സജ്ജീകരിക്കുന്ന ഇ.എം.എസ്. സ്മൃതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം 2025 ഇന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ നിര്‍വ്വഹിച്ചു. കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രി എന്ന നിലയ്ക്കു മാത്രമല്ല, കേരളത്തെ രൂപപ്പെടുത്തുന്നതില്‍ വിപ്ലവാത്മകമായ പങ്കുവഹിച്ച രാഷ്ട്രീയനേതാവ് എന്ന നിലയിലും ലോക കമ്മ്യൂണിസ്റ്റ് നേതാക്കളുടെ നിരയില്‍ തന്നെ സ്ഥാനം ലഭിച്ച ഒരാളെന്ന നിലയിലും ഇ.എം.എസ് എന്നും ഓര്‍ക്കപ്പെടേണ്ട ഒരു വ്യക്തിത്വമാണ്.
അവതരണത്തേക്കാളുപരി ഉള്ളടക്കം കൊണ്ട് ശ്രദ്ധേയമായ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ അക്കാലത്ത് ദേശീയ തലത്തില്‍ പോലും ചര്‍ച്ചാവിഷയമാകാറുണ്ട്. മലയാള മാധ്യങ്ങള്‍ മാത്രമല്ല, ദേശീയ മാധ്യമങ്ങളും അദ്ദേഹത്തിന്റെ പ്രസംഗങ്ങളുടെ പ്രാധാന്യം മനസ്സിലാക്കി അവ റിപ്പോര്‍ട്ട് ചെയ്യുക പതിവായിരുന്നു. അദ്ദേഹത്തിന്റെ ചരിത്രവും അദ്ദേഹം സമൂഹത്തിന് നല്കിയ സംഭാവനകളും പുതിയ തലമുറയ്ക്കും വരും തലമുറയ്ക്കും അറിയാനാകുന്ന വിധത്തിലാണ് അദ്ദേഹത്തിനോടുള്ള ആദരസൂചകമായി ഇ.എം.എസ് സ്മൃതി മ്യൂസിയം ഒരുക്കുന്നത്.
സാധാരണ മ്യൂസിയങ്ങളിലെ പോലെ ചരിത്രത്തിന്റെ ശേഷിപ്പുകളെ എടുത്തുസൂക്ഷിക്കുക എന്ന സമീപനമല്ല, ഇതിലുള്ളത്. ഇ.എം.എസിനെ നേരിട്ട് കേള്‍ക്കുന്ന പ്രതീതി ഉളവാക്കുന്ന വിധത്തില്‍ ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ- കുടുംബ ജീവിതങ്ങളെ പരിചയപ്പെടുത്തുകയും അദ്ദേഹത്തിന്റെ കൃതികളും സംഭാഷണങ്ങളും എല്ലാം ലഭ്യമാകത്തക്ക വിധത്തിലുമാണ് മ്യൂസിയം ആസൂത്രണം ചെയ്തിരിക്കുന്നത്.
ചരിത്രത്തെ വളച്ചൊടിക്കുന്ന കാലത്ത് ചരിത്രത്തെ സമഗ്രമായി അവതരിപ്പിക്കുവാന്‍ സഹായിക്കുന്നതാണ് ഇ.എം.എസ് സ്മൃതി മ്യൂസിയം എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ പറഞ്ഞു.
മ്യൂസിയങ്ങളിലൂടെ ജനങ്ങളില്‍ ചരിത്രബോധം സൃഷ്ടിക്കാന്‍ കേരള സര്‍ക്കാര്‍ ശ്രദ്ധിക്കുന്നുവെന്നും കഴിഞ്ഞ എട്ടു വര്‍ഷത്തിനിടയില്‍ ഒട്ടേറെ മ്യൂസിയങ്ങള്‍ കേരളത്തില്‍ സജ്ജീകരിക്കപ്പെട്ടുവെന്നും കേരളം ചരിത്ര-പൈതൃക മ്യൂസിയത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ചന്ദ്രന്‍പിള്ള തന്റെ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. സ്പീക്കര്‍ നിര്‍ദ്ദേശിച്ച പ്രകാരം 2025ല്‍ തന്നെ മ്യൂസിയം പൂര്‍ണ്ണമായും സജ്ജീകരിക്കുമെന്നും അദ്ദേഹം ഉറപ്പുനല്കി. മ്യൂസിയം ഉപദേശക സമിതി ചെയര്‍പേഴ്‌സണ്‍ കെ. ബാബു (നെന്മാറ) എം.എല്‍.എ., നിയമസഭാ സെക്രട്ടറി ഡോ. എന്‍. കൃഷ്ണകുമാര്‍ , നിയമസഭാ സെക്രട്ടേറിയറ്റ് ജോയിന്റ് സെക്രട്ടറി ഷീന ശിവദാസ് എന്നിവര്‍ തദവസരത്തില്‍ സന്നിഹിതരായിരുന്നു.
CONTENT HIGH LIGHTS; A museum that offers the experience of spending time with EMS
















