അമിത മധുരം ആരോഗ്യത്തിന് ഹാനികരമാണ്. പഞ്ചസാര ഇല്ലാത്ത പാനീയങ്ങൾ കുടിക്കാൻ ഇഷ്ടപ്പെടാത്തവരാണ് നമ്മളിൽ പലരും. എന്നാൽ പഞ്ചസാര ഒഴിവാക്കിയാൽ അതിശയിപ്പിക്കുന്ന ഗുണങ്ങൾ ശരീരത്തിന് ലഭിക്കും. കൊഴുപ്പും മധുരവും കൂടിയ ഭക്ഷണം കഴിക്കുന്നത് രോഗങ്ങളെ വിളിച്ചുവരുത്തും.
തലച്ചോറിന്റെ ആരോഗ്യം
പഞ്ചസാര ഒഴിവാക്കിയാൽ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടും. പഞ്ചസാര അധികമാകുന്നത് ബൗദ്ധിക നാശത്തിന് കാരണമാകും. ഗ്ലൂക്കോസിന്റെ അമിതോപയോഗം ഓർമശക്തിയും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവും ഇല്ലാതാക്കുമെന്ന് പഠനങ്ങൾ പറയുന്നു. അടുത്തിടെ നടന്ന ഒരു പഠനത്തിലും കൊഴുപ്പും മധുരവും കൂടിയ ഭക്ഷണം തലച്ചോറിന്റെ പ്രവർത്തനത്തെ തകരാറിലാക്കും എന്ന് കണ്ടു. പഞ്ചസാര ഒഴിവാക്കിയാൽ വളരെ വേഗത്തിൽ തന്നെ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടും എന്നതാണ് നല്ല കാര്യം. ഭക്ഷണത്തിൽ മാറ്റങ്ങൾ വരുത്തുന്നതിലൂടെ ആരോഗ്യം മെച്ചപ്പെടും. ഒന്നോ രണ്ടോ ആഴ്ച ആഡഡ് ഷുഗർ ഒഴിവാക്കിയാൽ തന്നെ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടും.
ഉദരാരോഗ്യം
മധുരം രുചിമുകുളങ്ങളെ തൃപ്തിപ്പെടുത്തും എങ്കിലും വയറിന് അത് അത്ര ഗുണകരമല്ല. ഷുഗർ ഫ്രീ ഡയറ്റ് ആണ് ഉദരാരോഗ്യത്തിന് നല്ലത്. പഞ്ചസാര ചേർന്ന ഭക്ഷണം ഉദരത്തിലെ ബാക്ടീരിയകൾക്ക് നല്ലതല്ല. ഇത് ഉദരത്തിലെ സൂക്ഷ്മാണുക്കളെ ഇല്ലാതാക്കുകയും ദഹനപ്രശ്നങ്ങൾക്കും ബ്ലോട്ടിങ് അഥവാ വയറുകമ്പിക്കലിനും കാരണമാകും. പഞ്ചസാര കുറയ്ക്കുന്നത് നല്ല ബാക്ടീരിയയുടെ വളർച്ചയ്ക്ക് സഹായകമാവുകയും ദഹനം മെച്ചപ്പെടുത്തുകയും പോഷകങ്ങളുടെ ആഗിരണത്തിന് സഹായിക്കുകയും ചെയ്യും.
ശരീരഭാരം കുറയ്ക്കും
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ പഞ്ചസാര ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കാം. മധുരം അടങ്ങിയ ഭക്ഷണങ്ങളിൽ കാലറി കൂടുതലായിരിക്കും. പ്രോട്ടീനും നാരുകളും ഉൾപ്പെടെയുള്ള പോഷകങ്ങൾ ഇവയില്‍ കുറവായിരിക്കും. ഇത്തരം ഭക്ഷണങ്ങൾ ശരീരഭാരം കൂടുന്നതിനു കാരണമാകും. ഇത് ക്രമേണ പൊണ്ണത്തടിക്കും മറ്റ് ഗുരുതരരോഗങ്ങൾക്കും കാരണമാകും. പഞ്ചസാര അടങ്ങിയ ഭക്ഷണം ഒഴിവാക്കുന്നത് ശരീരഭാരം നിയന്ത്രിച്ചു നിർത്താൻ സഹായിക്കും.
കരളിന്റെ ആരോഗ്യം
പഞ്ചസാര, പ്രത്യേകിച്ച് ഫ്രക്ടോസ് കൂടുതലടങ്ങിയ ഭക്ഷണം നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസി (NAFLD)നു കാരണമാകും. കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണിത്. ഭക്ഷണത്തിൽ നിന്ന് പഞ്ചസാര ഒഴിവാക്കുന്നത് കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. 2015 – ൽ നടത്തിയ ഒരു പഠനത്തിൽ, മധുരം ചേർത്ത പാനീയങ്ങൾ ദിവസവും കുടിക്കുന്നത് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് വരാനുള്ള സാധ്യത കൂട്ടുമെന്ന് കണ്ടു. കൂടാതെ പ്രമേഹം, ഹൃദയസംബന്ധമായ രോഗങ്ങൾ ഇവ വരാനുള്ള സാധ്യതയും കൂട്ടും. മധുരം ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കുമ്പോൾ, പ്രത്യേകിച്ച് ഹൈഫ്രക്ടോസ് കോൺ സിറപ്പ് ചേർത്തവ ഒഴിവാക്കുന്നത് കരളിലെ കൊഴുപ്പ് കുറയ്ക്കുകയും കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.
തിളക്കമുള്ള ചർമം
പഞ്ചസാര ഒഴിവാക്കിയാൽ ചർമം ആരോഗ്യമുള്ളതാകും. പഞ്ചസാര ചർമത്തിൽ പ്രായമാകൽ വേഗത്തിലാക്കും. ഗ്ലൈക്കേഷൻ എന്നാണ് ഈ പ്രക്രിയയ്ക്ക് പേര്. പഞ്ചസാര തന്മാത്രകൾ കൊളാജനും ഇലാസ്റ്റിനെയും തകരാറിലാക്കുകയും ചർമം വലിഞ്ഞു തൂങ്ങാനും ചർമത്തിൽ ചുളിവുകൾ ഉണ്ടാകാനും ഇത് കാരണമാകുകയും ചെയ്യും. പഞ്ചസാര ഒരു മാസത്തേക്ക് ഒഴിവാക്കുന്നത് ചർമത്തെ മൃദുവാക്കുകയും മുഖക്കുരു പോലുള്ളവ വരുന്നത് തടയുകയും ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു. പഞ്ചസാര വളരെ കുറച്ചു മാത്രം ഉപയോഗിക്കുന്ന ഭക്ഷണരീതി പിന്തുടരുന്നത് ചർമം തിളങ്ങാന്‍ സഹായിക്കും.
















