വോള്‍വോ എക്‌സ്‌സി 60, മെഴ്‌സിഡീസ് എഎംജി സിഎല്‍ഇ 53 കൂപെ, വിയറ്റനാം ഇവി ബ്രാന്‍ഡായ വിന്‍ഫാസ്റ്റ് വിഎഫ്7, വിന്‍ഫാസ്റ്റ് വിഎഫ്6, മഹീന്ദ്രയുടെ കോംപാക്ട് എസ്‌യുവി തുടങ്ങിയ കിടിലൻ മോഡലുകളാണ് ഓഗസ്റ്റില്‍ വാഹന വിപണി കയ്യടക്കാനൊരുങ്ങുന്നത്.
പുതിയ മോഡലുകളെ പരിചയപ്പെടാം.
മുഖം മിനുക്കി വോള്‍വോ എക്‌സ്‌സി 60
ഓഗസ്റ്റിലെ ആദ്യ കാര്‍ മോഡല്‍ ഒന്നാം തീയതി തന്നെ മുഖം മിനുക്കിയെത്തുന്ന വോള്‍വോ എക്‌സ്‌സി 60യാണ്. രാജ്യാന്തര വിപണിയില്‍ വോള്‍വോയുടെ ഏറ്റവും വില്‍പനയുള്ള മോഡലിന്റെ ഫേസ്‌ലിഫ്റ്റിന് മികച്ച പ്രതികരണം ഇന്ത്യയിലും ലഭിക്കാനിടയുണ്ട്. റീ ഡിസൈന്‍ ചെയ്ത ഡയഗണല്‍ ഗ്രില്‍, മള്‍ട്ടി സ്‌പോക്ക് അലോയ് വീല്‍, സ്‌മോക്ട് ഔട്ട് ടെയില്‍ ലൈറ്റുകള്‍ എന്നിങ്ങനെ എക്സ്റ്റീരിയറില്‍ മാറ്റങ്ങളുമായാണ് എക്‌സ്‌സി 60യുടെ വരവ്. പുതിയ കളറും വോള്‍വോ അവതരിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ വലിയ 11.2 ഇഞ്ച് ടച്ച്‌സ്‌ക്രീനില്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ ചിപ്‌സെറ്റ് ഉപയോഗിച്ചിട്ടുള്ളതിനാല്‍ വേഗത ഇരട്ടിയായിട്ടുണ്ട്. 250എച്ച്പി, 2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും 8 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക്കും തന്നെ തുടരാനാണ് സാധ്യത.
മെഴ്‌സിഡീസ് എഎംജി സിഎല്‍ഇ 53 കൂപെ
ഓഗസ്റ്റ് 12ന് മെഴ്‌സിഡീസ് എഎംജി സിഎല്‍ഇ 53 കൂപെ ഇന്ത്യയിലെത്തും. സിഎല്‍ഇ 300 കാബ്രിയോളെക്ക് മുകളിലുള്ള മോഡലാവും ഇത്. മറ്റ് എഎംജി മോഡലുകളിലേതുപോലെ പാന്‍അമേരിക്കാന ഗ്രില്ലെയും ഗ്ലോസ് ബ്ലാക്ക് ഡിഫ്യൂസറും സ്‌പോര്‍ട്ടി ലുക്ക് കൂട്ടുന്ന നാല് എക്‌സ്‌ഹോസ്റ്റുകളും എഎംജി സിഎല്‍ഇ 53 കൂപെക്കുണ്ടാവും. 19, 20 ഇഞ്ചിലും അതിനു മുകളിലും വീല്‍ സൈസുകള്‍ പ്രതീക്ഷിക്കാം. 11.9 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, 12.3 ഇഞ്ച് ഡിജിറ്റല്‍ ക്ലസ്റ്റര്‍, എഎംജി സ്‌പെക് സ്റ്റീറിങ്, പവേഡ് സീറ്റുകള്‍, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ/ആന്‍ഡ്രോയിഡ് ഓട്ടോ, 64 കളര്‍ ആംബിയന്റ് ലൈറ്റിങ്, ബംസ്റ്റര്‍ ഓഡിയോ എന്നിവയാണ് മറ്റു പ്രധാന ഫീച്ചറുകള്‍. 449 എച്ച്പി കരുത്തുള്ള 3 ലിറ്റര്‍ ട്വിന്‍ ടര്‍ബോ സ്‌ടെയിറ്റ് 6 എന്‍ജിനാണ് ഈ എഎംജിക്ക്. 9 സ്പീഡ് ഡിസിടി ട്രാന്‍സ്മിഷന്‍. നിന്ന നില്‍പില്‍ നിന്നും മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലേക്ക് 4.2 സെക്കന്‍ഡില്‍ കുതിക്കും. പരമാവധി വേഗത മണിക്കൂറില്‍ 250 കിലോമീറ്ററായി നിശ്ചയിച്ചിരിക്കുന്നു. എഎംജി പെര്‍ഫോമെന്‍സ് പാക്കേജിലാണെങ്കില്‍ മണിക്കൂറില്‍ 270 കിലോമീറ്റര്‍ വേഗതയില്‍ വരെ കുതിക്കാനാവും.
വിന്‍ഫാസ്റ്റ് വിഎഫ്7
വിയറ്റ്‌നാമില്‍ നിന്നുള്ള ഇവി ബ്രാന്‍ഡായ വിന്‍ഫാസ്റ്റിന്റെ വരവ് ഫ്‌ളാഗ്ഷിപ്പ് എസ്‌യുവി വിഎഫ്7 അവതരിപ്പിച്ചുകൊണ്ടായിരിക്കും. ഓഗസ്റ്റ് അവസാനത്തോടെ പ്രതീക്ഷിക്കാം. 4,545 എംഎം വലിപ്പമുള്ള ക്രോസ് ഓവര്‍ ലുക്കിലുള്ള വാഹനമാണ് വിഎഫ്7. ഇന്ത്യന്‍ മോഡലിന് 19 ഇഞ്ച് അലോയ് വീലും 190എംഎം ഗ്രൗണ്ട് ക്ലിയറന്‍സും നല്‍കിയിട്ടുണ്ട്. 12.9 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, വെന്റിലേറ്റഡ് സീറ്റുകള്‍, റീക്ലെയ്‌നിങ് പിന്‍സീറ്റുകള്‍, ലെവല്‍ 2 അഡാസ് സുരക്ഷാ ഫീച്ചറുകളും 7 എയര്‍ബാഗുകളും എന്നിങ്ങനെ പോവുന്നു പ്രധാന ഫീച്ചറുകള്‍. വിന്‍ഫാസ്റ്റ് വിഎഫ്7 70.8കിലോവാട്ട് എല്‍എഫ്പി ബാറ്ററിയുമായാണ് വരുന്നത്. 7.2കിലോവാട്ട് എസി, സിസിഎസ്2 ഡിസി ഫാസ്റ്റ് ചാര്‍ജിങ് സൗകര്യങ്ങള്‍. ഫ്രണ്ട് വീല്‍ ഡ്രൈവില്‍ 204എച്ച്പി കരുത്ത് ഓള്‍വീല്‍ഡ്രൈവിലാണെങ്കില്‍ 350എച്ച്പിയിലേക്ക് ഉയരും. റേഞ്ച് യഥാക്രമം 450 കിലോമീറ്ററും 431 കിലോമീറ്ററും.
വിന്‍ഫാസ്റ്റ് വിഎഫ്6
വിഎഫ്7നേക്കാള്‍ അല്‍പം താഴെയുള്ള മോഡലായിട്ടാവും വിഎഫ് 6നെ അവതരിപ്പിക്കുക. ഓഗസ്റ്റ് അവസാനത്തില്‍ തന്നെ പ്രതീക്ഷിക്കാം. നീളം 4,238 എംഎം. ടച്ച്‌സ്‌ക്രീന്‍, ഗ്ലാസ് റൂഫ്, അഡാസ് സുരക്ഷാ ഫീച്ചറുകള്‍ എന്നിവയെല്ലാം വിഎഫ് 7ല്‍ നിന്നും കടം കൊണ്ടിട്ടുണ്ട്. 59.6കിലോവാട്ട് ബാറ്ററി ഫോര്‍വീല്‍ ഡ്രൈവില്‍ 204 എച്ച്പി കരുത്തും 480 കിലോമീറ്റര്‍ റേഞ്ചും നല്‍കും. ജൂലൈ 15 മുതല്‍ തന്നെ വിഎഫ്6, വിഎഫ്7 മോഡലുകളുടെ ഇന്ത്യയിലെ ബുക്കിങ് വിന്‍ഫാസ്റ്റ് ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ ആദ്യ വിന്‍ഫാസ്റ്റ് ഷോറൂം ഗുജറാത്തില്‍ ആരംഭിച്ചിട്ടുണ്ട്. ഡല്‍ഹി, മുംബൈ, ചെന്നൈ അടക്കം 34 ഷോറൂമുകള്‍ രാജ്യത്ത് തുടങ്ങാനാണ് വിന്‍ഫാസ്റ്റിന്റെ പദ്ധതി.
മഹീന്ദ്രയുടെ കോംപാക്ട് എസ്‌യുവി
സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15 പ്രധാന പ്രഖ്യാപനങ്ങള്‍ നടത്തുന്ന രീതി മഹീന്ദ്ര ഇക്കുറിയും മുടക്കില്ല. പുതിയ മഹീന്ദ്ര എസ് യുവി തന്നെ ഓഗസ്റ്റ് 15 പുറത്തിറങ്ങും. മഹീന്ദ്രയുടെ പുതിയ ‘nu’ മോണോകോക്ക് പ്ലാറ്റ്‌ഫോമിലായിരിക്കും സബ് 4 മീറ്റര്‍ വിഭാഗത്തിലേക്കുള്ള ഈ എസ്‌യുവി നിര്‍മിക്കുക. കാര്യമായ വിശദാംശങ്ങള്‍ ഇപ്പോഴും മഹീന്ദ്ര ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. തുടക്കത്തില്‍ 1.2 ലിറ്റര്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളും പിന്നീട് ഹൈബ്രിഡ് പവര്‍ട്രെയിനും പ്രതീക്ഷിക്കാം.
















