എറണാകുളത്ത് സ്‌കൂളിന് സമീപത്തെ ഹൈ ടെന്‍ഷന്‍ ലൈന്‍ മാറ്റാന്‍ പണം ആവശ്യപ്പെട്ട് കെഎസ്ഇബി. എടക്കാട്ടുവയല്‍ സെന്റ് പോള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്തെ ലൈന്‍ മാറ്റാനാണ് പണം ആവശ്യപ്പെട്ടത്. ലൈന്‍ മാറ്റി സ്ഥാപിക്കുന്നതിന് എടക്കാട്ടുവയല്‍ പഞ്ചായത്ത് 1,07,000 രൂപ നല്‍കണമെന്ന് കെഎസ്ഇബി കത്ത് നല്‍കി. കത്തിന്റെ പകര്‍പ്പ് പുറത്ത് വന്നു. സ്‌കൂളിന്റെ മതിലിനോട് ചേര്‍ന്നാണ് ഹൈ ടെന്‍ഷന്‍ ലൈന്‍ കടന്നു പോകുന്നത്. സ്‌കൂള്‍ അധികൃതരും പഞ്ചായത്ത് അധികൃതരും നാട്ടുകാരും പലതവണ ഈ അപകടസാധ്യത ചൂണ്ടിക്കാണിച്ച് കെഎസ്ഇബിയുമായി ബന്ധപ്പെട്ടിരുന്നു. ലൈന്‍ മാറ്റാന്‍ ഇതുവരെ കെഎസ്ഇബി തയാറായില്ല. എന്നാല്‍ നിരന്തരം പ്രശ്‌നമുന്നയിച്ചതോടെ ഇത്തരമൊരു വിചിത്ര ആവശ്യവുമായി കെഎസ്ഇബി മുന്നോട്ട് വരികയായിരുന്നു.
വിഷയവുമായി ബന്ധപ്പെട്ട് സ്‌കൂളില്‍ നിന്ന് കത്ത് കിട്ടിയിട്ടുണ്ടെന്ന് കെഎസ്ഇബി വ്യക്തമാക്കിയിട്ടുണ്ട്. കെഎസ്ഇബി വെളിയനാട് – തെളിയിച്ചിറ റോഡിലെ ഈ ലൈന്‍ സ്ഥാപിച്ചതിന് ശേഷമാണ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചുറ്റുമതില്‍ കെട്ടി ഉയര്‍ത്തിയത് എന്ന വസ്തുത അറിയിക്കുന്നുവെന്നും ഇത്തരം പ്രവര്‍ത്തികള്‍ കെഎസ്ഇബി ഡിപ്പോസിറ്റ് സ്ട്രീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണെന്നും വ്യക്തമാക്കിയിട്ടുണ്ട്്. ഈ വിവരങ്ങള്‍ സ്‌കൂളിനെ അറിയിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന റോഡ് വികസനവുമായി ബന്ധപ്പെട്ട് പോസ്റ്റുകള്‍ മാറ്റിസ്ഥാപിക്കുന്ന എസ്റ്റിമേറ്റില്‍ ഈ പ്രവര്‍ത്തിയും ഉള്‍പ്പെടുവാന്‍ സാധ്യതയുണ്ടെന്നും കത്തില്‍ പറയുന്നു.
STORY HIGHLIGHT: KSEB demands money to replace high tension line near school
















