തിരുവനന്തപുരം: സിനിമാനയ രൂപീകരണത്തിനായുള്ള സിനിമ കോണ്‍ക്ലേവിന് ഇന്ന് തുടക്കം. രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും തുടര്‍ന്നുള്ള വിവാദങ്ങളും പിടിച്ചുലച്ച മലയാള സിനിമയെ നയ രൂപീകരണത്തിലൂടെ മുന്നോട്ടു നയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. ഒന്‍പതോളം വിഷയങ്ങളിലാണ് കോണ്‍ക്ലേവില്‍ സമഗ്ര ചര്‍ച്ച നടക്കുക.
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട്, ലൈംഗികാരോപണങ്ങള്‍, ലിംഗനീതിയെ കുറിച്ചുള്ള ചര്‍ച്ച, മലയാള സിനിമ മേഖലയെ ചുറ്റിപ്പറ്റി കഴിഞ്ഞ കുറച്ചുകാലങ്ങളില്‍ ഉയര്‍ന്ന വിവാദങ്ങള്‍ ഏറെയാണ്. വിവാദങ്ങളില്‍ പരിഹാരം തേടുകയാണ് സിനിമാനയരൂപീകരണത്തിലൂടെ. അതിന്റെ ഭാഗമായാണ് തിരുവനന്തപുരത്ത് ഇന്നും നാളെയുമായി സിനിമാ കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്.
ജർമനി, ഇംഗ്ലണ്ട്, പോളണ്ട്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ചലച്ചിത്ര പ്രവർത്തകരുമെത്തും. മോഹൻലാൽ, സുഹാസിനി എന്നിവർ മുഖ്യാതിഥികളാകും. റസൂൽ പൂക്കുട്ടി, വെട്രിമാരൻ,പത്മപ്രിയ തുടങ്ങിയവരും പങ്കെടുക്കും. കേന്ദ്ര–-സംസ്ഥാനമന്ത്രിമാരുമുണ്ടാകും. എല്ലാ സിനിമാ സംഘടനകളെ പ്രതിനിധീകരിച്ചും പങ്കാളിത്തം ഉണ്ടാവും. നിയമസഭാ സമുച്ചയത്തിലാണ് കോണ്‍ക്ലേവ്.
















