ന്യൂഡൽഹി: നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന് യെമനില്‍ പോകാന്‍ അനുമതി നിഷേധിച്ച് വിദേശ കാര്യമന്ത്രാലയം. സുപ്രിംകോടതി നിർദേശ പ്രകാരം നൽകിയ അപേക്ഷ വിദേശകാര്യമന്ത്രാലയം തള്ളി. യമനുമായി നയതന്ത്ര ബന്ധമില്ലെന്ന് അടക്കം നാല് കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. സനയിലെ സുരക്ഷാ സാഹചര്യം ദുര്‍ബലമാണെന്നും, പ്രതിനിധി സംഘത്തിന്റെ സുരക്ഷയില്‍ ആശങ്ക ഉണ്ടെന്നും വിദേശ കാര്യമന്ത്രാലയം അറിയിച്ചു.
തുടര്‍ ചര്‍ച്ചകള്‍ക്കായി പ്രതിനിധികളെ യെമനിലേക്ക് അയയ്ക്കാന്‍ അനുമതിവേണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ സുപ്രിംകോടതിയെ അറിയിച്ചിരുന്നു. ഇതനുസരിച്ച് ആക്ഷന്‍ കൗണ്‍സിലിന്റെ ഭാഗമായി അഞ്ച് പേര്‍ക്ക് അനുമതി വേണമെന്നും സംഘത്തില്‍ നയതന്ത്ര പ്രതിനിധികളായ രണ്ട് പേരെകൂടി ഉള്‍പ്പെടുത്താവുന്നതാണെന്നുമായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ മുന്നോട്ട് വച്ചത്.
ഇതിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ സമീപിക്കാനുള്ള നിര്‍ദേശമാണ് സുപ്രിംകോടതി ആക്ഷന്‍ കൗണ്‍സിലിന് നല്‍കിയത്. ഇതുപ്രകാരമാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടിയത്. ഈ അപേക്ഷയ്ക്കാണ് അനുമതി നിഷേധിച്ചത്.
















