ആലപ്പുഴ: അങ്കണവാടി കുഞ്ഞുങ്ങളുടെ ഭക്ഷണത്തിൽ എണ്ണയും ഉപ്പും പരമാവധി കുറയ്ക്കണമെന്ന് വനിത-ശിശു വികസനവകുപ്പ് നിർദ്ദേശം നൽകി. പഞ്ചസാര കഴിവതും ഒഴിവാക്കണം. മധുരം ആവശ്യമെങ്കിൽ ശർക്കര പത്തുവരെ ശതമാനം മാത്രം തുടങ്ങിയ നിർദ്ദേശങ്ങൾ പാചകക്കാർക്ക് നൽകി.
മെനു പരിഷ്കരിച്ചതോടെ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം. ഓരോ ഭക്ഷണവും ഉണ്ടാക്കാൻ പ്രത്യേക പരിശീലനം നൽകും. ഏകീകൃത സ്വഭാവം വരുന്നതിനാണിത്. ആരോഗ്യകരമായ ഭക്ഷണമുണ്ടാക്കണമെന്ന് കേന്ദ്രസർക്കാരിന്റെ നിർദേശമുണ്ട്. ഇതനുസരിച്ചാണു നടപടി. ഉപ്പും എണ്ണയും പരമാവധി കുറയ്ക്കണം. പഞ്ചസാര കഴിവതും ഒഴിവാക്കണം. മധുരം ആവശ്യമെങ്കിൽ ശർക്കര ഉപയോഗിക്കണം. അതും അഞ്ചുമുതൽ പത്തുവരെ ശതമാനം മാത്രം.
പുതിയ മെനു അനുസരിച്ച് കുട്ടികൾക്ക് മുട്ട നൽകുന്നത് വിഭവങ്ങളിലൂടെയാകും. ആഴ്ചയിൽ മൂന്നുദിവസം പാലും പുഴുങ്ങിയ മുട്ടയും നൽകുന്നുണ്ട്. പകരം മുട്ട ബിരിയാണി, മുട്ട പുലാവ്, ഓംലറ്റ് എന്നിങ്ങനെ വേണം. കൂടാതെ ന്യൂട്രി ലഡു, ഫ്രൂട്ട് കപ്പ് തുടങ്ങിയ ഏഴു വിഭവങ്ങളും പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കോവളത്ത് ഈ മാസം അഞ്ചു മുതൽ ഏഴു വരെ സംസ്ഥാനതല പരിശീലനമാണ് ആദ്യം. ചൈൽഡ് ഡിവലപ്മെന്റ് പ്രൊജക്ട് ഓഫീസർ, സൂപ്പർവൈസർ എന്നിവർ പങ്കെടുക്കും. ഇവിടെ പരിശീലനം നേടുന്നവർ അതതു ജില്ലകളിൽ പഠിപ്പിക്കും. അങ്കണവാടി ജീവനക്കാരും വർക്കർമാരുമാണ് ഏറ്റവും താഴെത്തട്ടിൽ പരിശീലനം നേടുന്നവർ. പരിശീലനം പൂർത്തിയായ ശേഷമേ മെനു നടപ്പാക്കൽ ഔദ്യോഗികമായി പ്രഖ്യാപിക്കൂ.
















