പാലക്കാട്: പാലക്കാട്ടെ സൂളുകളിലെ പാമ്പ് ശല്യത്തിന് പരിഹാരം. അധ്യാപകർക്ക് പാമ്പിനെ പിടികൂടാൻ വനംവകുപ്പ് പരിശീലനം നൽകും. മറ്റു ജില്ലകളിലും പരിശീലന ക്ലാസ് സംഘടിപ്പിക്കും. ആഗസ്റ്റ് 11ന് ഒലവക്കോട് ആരണ്യഭവനിൽ രാവിലെ 9 മുതൽ വൈകീട്ട് 5 വരെയാണ് പരിശീലനം നൽകുക. ചെലവ് വനംവകുപ്പ് വഹിക്കും.
പാമ്പുകൾ സ്കൂളിലെത്തിയാൽ പിടിച്ച് സുരക്ഷിത സ്ഥലത്തേക്കു മാറ്റാൻ അധ്യാപകരെ പ്രാപ്തരാക്കാൻ വനംവകുപ്പ് പരിശീലനം നൽകുന്നു. അത്യാവശ്യ ഘട്ടങ്ങളിൽ ശാസ്ത്രീയമായി പാമ്പിനെ പിടികൂടുന്നത് എങ്ങനെയെന്ന് പരിശീലിപ്പിക്കും. ആദ്യം പാലക്കാട് ജില്ലയിലാണ് പരിശീലനം. പാലക്കാട്ടെ അധ്യാപകർക്ക് പരിശീലന പരിപാടിയിൽ പങ്കെടുക്കാം.സ്കൂളുകളിൽ പാമ്പുകളെ കൂടുതലായി കണ്ട ജില്ലയെന്ന നിലയിലാണ് പാലക്കാടിനെ ആദ്യം തെരഞ്ഞെടുത്തത്. 2019ൽ സുൽത്താൻബത്തേരി സ്കൂളിലെ പത്തുവയസ്സുകാരി ഷെഹനാ ഷെറിൻ പാമ്പുകടിയേറ്റ് മരിച്ചിരുന്നു. സ്കൂളിൽ വെച്ചു കടിയേറ്റേതും വേണ്ടവിധം പരിചരിക്കാതിരുന്നതും മരിച്ചതും വിവാദമായിരുന്നു. തുടർന്നും പല സ്കൂളുകളിലും വിദ്യാർഥികൾക്കും അധ്യാപകർക്കും പാമ്പുകടിയേൽക്കുകയുണ്ടായി.
ഈ സാഹചര്യത്തിലാണ് വനംവകുപ്പിന്‍റെ സർപ (സ്നെയ്ക് അവെയർനെസ് റെസ്ക്യൂ ആൻഡ് പ്രൊട്ടക്‌ഷൻ ആപ്) നേതൃത്വത്തിൽ പരിശീലനം നൽകുന്നതെന്ന് സംസ്ഥാന കോർഡിനേറ്റർ മുഹമ്മദ് അൻവർ പറഞ്ഞു. പാമ്പിനെ പിടിച്ച് സുരക്ഷിതസ്ഥലത്തേക്കു മാറ്റൽ, ഇനം തിരിച്ചറിയൽ, കടിയേറ്റാൽ സ്വീകരിക്കേണ്ട പ്രാഥമിക നടപടികൾ തുടങ്ങിയ വിവരങ്ങളാണ് ഒരുദിവസത്തെ പരിശീലനത്തിലൂടെ നൽകുക. ഇത് സംബന്ധിച്ച സർക്കുലർ വനം വകുപ്പ് പുറത്തിറക്കി.
അതേസമയം സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ ഗണ്യമായി കുറയുന്നുവെന്നാണ് വനംവകുപ്പിന്റെ കണക്ക്. 2019ല്‍ 123 പേരാണ് പാമ്പുകടിയേറ്റു മരിച്ചതെങ്കില്‍ 2024-ല്‍ ഇത് 34 ആയി കുറഞ്ഞു. പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ കുറയ്ക്കാനായി സര്‍ക്കാര്‍ ആരംഭിച്ച സര്‍പ ആപ്പ് അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുന്ന ഘട്ടത്തിലാണ് ഈ നേട്ടം.
കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ സംസ്ഥാനത്ത് 921 പേരാണ് വിഷപ്പാമ്പുകളുടെ കടിയേറ്റു മരിച്ചത്. ഇതില്‍ ഏറ്റവും കുറഞ്ഞ മരണനിരക്ക് 2024ലാണ്. പാമ്പുകടിയേറ്റുള്ള മരണം പൂര്‍ണമായും ഇല്ലാതാക്കാനും ജനവാസ മേഖലയിലെത്തിയ പാമ്പുകളെ സുരക്ഷിതമായി വനമേഖലയില്‍ എത്തിക്കുന്നതിനുമായി സര്‍ക്കാര്‍ 2020ല്‍ ആരംഭിച്ച സര്‍പ ആപ്പ് മരണം കുറയ്ക്കാന്‍ സഹായകമാവുന്നുണ്ടെന്നാണ് വിലയിരുത്തല്‍. പാമ്പുകളെ തരം തിരിച്ചറിയാന്‍ സഹായിക്കുന്ന വിവരങ്ങള്‍, ആന്റിവെനം ലഭ്യമായ ആശുപത്രികള്‍ അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടേണ്ടവരുടെ ഫോണ്‍ നമ്പറുകള്‍ തുടങ്ങിയ വിവരങ്ങള്‍ ആപ്പിലുണ്ട്.
















