ന്യൂഡൽഹി: മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിക്കപ്പെട്ട് ഛത്തീസ്ഗഢില്‍ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് കോടതി ഒന്‍പതാം നാള്‍ ജാമ്യം അനുവദിച്ചു. സിസ്റ്റര്‍മാരായ വന്ദനാ ഫ്രാന്‍സിസിനും പ്രീതിമേരിക്കും ബിലാസ്പുരിലെ പ്രത്യേക എന്‍ഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇവര്‍ക്ക് ഇന്നുതന്നെ പുറത്തെത്താം. ഇപ്പോഴിതാ ആശ്വാസവാർത്തയിൽ പ്രതികരണവുമായി കന്യാസ്ത്രീകളുടെ ബന്ധുക്കൾ.
സമാധാനമായി, മനഃസമാധാനമായി… ഒന്നും പറയാനില്ലെന്ന് ആയിരുന്നു സിസ്റ്റര്‍ പ്രീതി മേരിയുടെ പിതാവിന്റെ പ്രതികരണം. പ്രാര്‍ഥിച്ചുകൊണ്ടിരിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദൈവത്തോട് നന്ദി പറയുന്നെന്ന് സിസ്റ്റര്‍ പ്രീതിമേരിയുടെ മറ്റൊരു ബന്ധു പറഞ്ഞു. ഒപ്പംനിന്ന എല്ലാ ഭരണാധികാരികളോടും സഭാ നേതൃത്വത്തോടും നന്ദി. സംഭവം അറിഞ്ഞ അന്നുമുതല്‍ ഒപ്പംനിന്ന അങ്കമാലി എംഎല്‍എ റോജി എം. ജോണിന് നന്ദി. ഇതുപോലൊരു അനുഭവം ഒരു പ്രേഷിതര്‍ക്കും ഉണ്ടാകരുതെന്നും സിസ്റ്ററിന്റെ ബന്ധുക്കള്‍ അങ്കമാലിയില്‍ മാധ്യമങ്ങളോടു പ്രതികരിച്ചു. വലിയ സന്തോഷം. എല്ലാവര്‍ക്കും നന്ദിയെന്നായിരുന്നു സിസ്റ്റര്‍ വന്ദനാ ഫ്രാന്‍സിസിന്റെ സഹോദരന്‍ ജോസഫിന്റെ പ്രതികരണം. സത്യം ജയിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിലാസ്പുരില്‍ എന്‍ഐഎ കോടതി പരിസരത്ത് മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
















