തിരുവനന്തപുരം: കൊലക്കുറ്റം ചെയ്ത ക്രിമിനലുകളെ പോലെയാണ് കന്യാസ്ത്രീകളെ പരിഗണിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ബിജെപി ദേശീയ- സംസ്ഥാന നേതൃത്വങ്ങളും ഇതിന് കൂട്ടുനില്‍ക്കുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.
ചെയ്യാത്ത കുറ്റത്തിനാണ് കഴിഞ്ഞ ഒന്‍പത് ദിവസമായി രണ്ട് കന്യാസ്ത്രീകള്‍ ജയിലില്‍ കഴിഞ്ഞതെന്ന് പ്രതിപക്ഷ നേതാവ്. മതവിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ ന്യൂനപക്ഷങ്ങളെ ആക്രമിക്കുകയാണ്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഛത്തീസ്ഗഢിലുണ്ടായത്. കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കാതിരിക്കുന്നതിനു വേണ്ടി ഛത്തീസ്ഗഢിലെ സര്‍ക്കാര്‍ അഭിഭാഷകര്‍ വാദിച്ചു.
അവര്‍ക്ക് ജാമ്യം ലഭിക്കാതിരിക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ അഭിഭാഷകന്‍ അതിശക്തമായി വാദിച്ചു. അന്വേഷണം തുടങ്ങിയിട്ടേയുള്ളൂ അതുകൊണ്ട് ജാമ്യം നല്‍കരുതെന്നാണ് അവര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. ജാമ്യം നല്‍കരുതെന്നാണ് ബജ്റംഗ്ദള്‍ അഭിഭാഷകരും വാദിച്ചത്.കഴിഞ്ഞ 365 ദിവസത്തിനിടെ ക്രൈസ്തവര്‍ക്കെതിരായ 834-ാമത്തെ ആക്രമണമാണിതെന്നും സതീശന്‍ പറഞ്ഞു. ബി.ജെ.പിയുടെ മുഖംമൂടി വലിച്ചു മാറ്റാന്‍ കഴിഞ്ഞു എന്നതാണ് ഈ സംഭവത്തിന്റെ പ്രത്യേകത. ഇത്തരം സംഭവങ്ങള്‍ നമ്മുടെ രാജ്യത്ത് ഇനി ആവര്‍ത്തിക്കപ്പെടരുത്. മതത്തിന്റെ പേരില്‍ ഒരു സമൂഹത്തെയും ആക്രമിക്കരുത്.
മതപരിവര്‍ത്തനം നടത്തിയെന്നും മനുഷ്യക്കടത്ത് നടത്തിയെന്നുമുള്ള തെറ്റായ കേസ് ചുമത്തിയാണ് കന്യാസ്ത്രീകളെ അറസ്റ്റു ചെയ്തത്. സഭാവസ്ത്രങ്ങള്‍ ധരിച്ച് കന്യാസ്ത്രീകള്‍ക്കോ വൈദികര്‍ക്കോ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ യാത്ര ചെയ്യാനാകാത്ത അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജാമ്യം ലഭിക്കുന്നതിനു വേണ്ടിയുള്ള നിയമപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എം.എല്‍.എമാരായ റോജി എം. ജോണിനും സജീവ് ജോസഫിനും നന്ദി പറയുന്നതായും സതീശന്‍ പറഞ്ഞു.
കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ അരമനകള്‍ കയറി ഇറങ്ങാന്‍ തുടങ്ങിയിട്ട് കുറേക്കാലമായി. ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളാണ് കേക്കുമായി അരമനകള്‍ കയറി ഇറങ്ങുന്നതെന്ന് 2023-ലെ ക്രിസ്മസ് കാലത്ത് പ്രതിപക്ഷം പറഞ്ഞതാണ്. അത് ഇപ്പോള്‍ യാഥാര്‍ഥ്യമായി. കേക്കുമായി എത്തിയത് കബളിപ്പിക്കലായിരുന്നെന്ന് വൈദികരും ഇപ്പോള്‍ ആവര്‍ത്തിക്കുന്നുണ്ട്. കേന്ദ്രത്തില്‍ ഭരണത്തില്‍ ഇരിക്കുന്ന പാര്‍ട്ടികളുടെ പ്രതിനിധികളായതു കൊണ്ടാണ് ബിജെപി നേതാക്കളെ സഭാ നേതൃത്വം കണ്ടത്. വന്ന് പോയവരുടെ ഉള്ളില്‍ എന്തായിരുന്നെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും ബോധ്യപ്പെട്ടു.
മനുഷ്യരെ ഭിന്നിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിച്ചവരാണ് ഇപ്പോള്‍ നാടകം കളിക്കുന്നത്.
ഛത്തീസ്ഗഢിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയും പിസിസി പ്രസിഡന്റും കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കുന്നതിനു വേണ്ടി ഒപ്പമുണ്ടായിരുന്നു. മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍ ജയില്‍ പോയി കന്യാസ്ത്രീകളെ കണ്ടു. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലാണ് പാര്‍ലമെന്റില്‍ സമരം നടത്തിയത്. എം.പിമാരുടെ രണ്ട് സംഘം ഛത്തീസ്ഗഢിലെത്തി. കേരളത്തിലെ ബി.ജെ.പിയാണ് ഛത്തീസ്ഗഢിലെ നേതാക്കള്‍ ഒപ്പമുണ്ടോയെന്ന് ചോദിച്ചത്. ഭൂപേഷ് ബാഘേലുമായി ഞാനും ഫോണില്‍ സംസാരിച്ചതാണ്. മുഖ്യമന്ത്രിയാണ് അവിടെ വന്ന് നിന്നത്. അതാണ് കോണ്‍ഗ്രസ്. ഇവരുടെ കാപട്യം കോണ്‍ഗ്രസിനില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
















