റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതായി റിപ്പോർട്ട്. 3,000 കോടി രൂപയുടെ ലോൺ തട്ടിപ്പുമായി ബന്ധപ്പെട്ടാണിത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ഈ കേസുമായി ബന്ധപ്പെട്ട് അനിൽ അംബാനിയെ ചോദ്യം ചെയ്യാനായി ഇ.ഡി വിളിപ്പിച്ചത്. ഇതേത്തുടർന്ന് അനിൽ അംബാനി രാജ്യം വിടുന്നത് തടയുന്നതിന്റെ ഭാഗമായിട്ടാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതെന്നാണ് വിവരം.
നിയമനടപടികൾ ഒഴിവാക്കുന്നതിനായി വ്യക്തികൾ രാജ്യം വിടുന്നത് തടയുന്നതിന് വേണ്ടിയാണ് ലുക്കൗട്ട് സർക്കുലർ ഇറക്കുന്നത്. എയർ പോർട്, സീ പോർട് തുടങ്ങിയ രാജ്യത്തേക്കുള്ള എല്ലാ എൻട്രി/എക്സിറ്റ് പോയിന്റുകളിലും ലുക്കൗട്ട് നോട്ടീസ് പതിക്കുകയാണ് ചെയ്യുക. ഇത്തരത്തിൽ അതോറിറ്റികൾക്ക് ഈ വ്യക്തികളെപ്പറ്റിയുള്ള ജാഗ്രതാ നിർദ്ദേശം നൽകും.
2017-19 കാലഘട്ടത്തിൽ അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പ് യെസ് ബാങ്കിൽ നിന്ന് നേടിയ വായ്പയിൽ തിരിമറികൾ നടന്നെന്നാണ് ഇ.ഡി കണ്ടെത്തിയിരിക്കുന്നത്. വായ്പ അനുവദിക്കപ്പെടുന്നതിന് തൊട്ടു മുമ്പ് കമ്പനിയുടെ പ്രമോട്ടർമാർ പേയ്മെന്റ് നേടിയതായി ഇ.ഡി കണ്ടെത്തിയിരുന്നു.
2025 ജൂലൈ 24ാം തിയ്യതി മുതൽ 3 ദിവസം, ഇതേത്തുടർന്ന് റിലയൻസ് കമ്മ്യൂണിക്കേഷന്റെ അടക്കം 50 സ്ഥാപനങ്ങളിൽ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ കീഴിലാണ് പരിശോധനകൾ നടന്നത്. ഇതിനിടെ 68.2 കോടി രൂപയുടെ വ്യാജ ബാങ്ക് ഗ്യാരണ്ടി അനിൽ അംബാനി കമ്പനികൾ നൽകിയതായും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്.
















