ഗുവാഹത്തി: ഇന്‍ഡിഗോ വിമാനത്തില്‍വെച്ച് പാനിക്ക് അറ്റാക്ക് ഉണ്ടാകുകയും പിന്നാലെ സഹയാത്രികൻ കരണത്തടിക്കുകയും ചെയ്ത യുവാവിനെ കാണാനില്ലെന്ന് കുടുബത്തിന്റെ പരാതി. അസമിലെ കച്ചാര്‍ ജില്ലക്കാരനായ ഹുസൈന്‍ അഹ്‌മദ് മജുംദാറി(32)നെയാണ് കാണാതായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലെല്ലാം വൈറൽ ആയിരുന്നു.
വ്യാഴാഴ്ച മുംബൈയില്‍നിന്ന് കൊല്‍ക്കത്തയിലേക്കുള്ള ഇന്‍ഡിഗോയുടെ 6ഇ 2387 വിമാനത്തിലെ യാത്രക്കാരനായിരുന്നു ഹുസൈന്‍. പാനിക്ക് അറ്റാക്കുണ്ടായതോടെ ഹുസൈന്‍ അസ്വസ്ഥനായി. തുടര്‍ന്ന് ക്രൂ അംഗങ്ങള്‍ ഇദ്ദേഹത്തെ സഹായിക്കാനെത്തി. അതിനിടെ സഹയാത്രക്കാരില്‍ ഒരാള്‍ ഹുസൈന്റെ മുഖത്തടിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. ഹഫിജുല്‍ റഹമാന്‍ എന്നയാളാണ് ഹുസൈനെ മര്‍ദിച്ചത്. വിമാനം കൊല്‍ക്കത്തയില്‍ ഇറങ്ങിയതിന് പിന്നാലെ ഹഫിജുലിനെ പോലീസിന് കൈമാറുകയും ചെയ്തിരുന്നു.
കൊല്‍ക്കത്തയില്‍നിന്ന് സില്‍ച്ചറിലേക്ക് അടുത്ത വിമാനത്തില്‍ എത്തേണ്ടിയിരുന്ന ഹുസൈന്‍ ഇതുവരെ വിളിക്കുകയോ വീട്ടിലെത്തുകയോ ചെയ്തിട്ടില്ലെന്നാണ് കുടുംബം പറയുന്നത്. ഹുസൈന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയ നിലയിലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഹുസൈനെ പ്രതീക്ഷിച്ച് വെള്ളിയാഴ്ച രാവിലെ ബന്ധുക്കള്‍ സില്‍ച്ചര്‍ വിമാനത്താവളത്തിലെത്തിയെങ്കിലും ആളെ കാണാന്‍ കഴിഞ്ഞില്ല. പിന്നീടാണ് മർദനസംഭവത്തെ കുറിച്ച് ഇവർ അറിയുന്നത്. മുംബൈയിലെ ഒരു ഹോട്ടലിലെ ജീവനക്കാരനാണ് ഹുസൈന്‍. വിമാനത്തിനുള്ളിലെ വീഡിയോ വലിയ തോതില്‍ പ്രചരിച്ചതിന് പിന്നാലെയാണ് അതില്‍ ഉള്‍പ്പെട്ടയാള്‍ ഹുസൈന്‍ ആണെന്ന് കുടുംബം തിരിച്ചറിയുന്നത്. ഹുസൈനെ കാണാനില്ലെന്ന് ഉധര്‍ബോന്ദ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
















