അടുക്കളയിലും സ്റ്റോർ റൂമിലുമെല്ലാം പാറ്റയുടെ ശല്യമാണോ? ഭക്ഷണാവശിഷ്ടങ്ങൾ വരുന്നയിടങ്ങളിൽ പാറ്റയെ സ്ഥിരം കാണാൻ സാധിക്കും. പലപ്പോഴും ഇവ നമുക്ക് വല്യ ശല്യമാകാറുണ്ട്. ശല്യം എന്നതിനപ്പുറം നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്ന ഒന്ന് കൂടിയാണിത്. പാത്രങ്ങളിലും മറ്റും ഇവ വന്നിരിക്കുമ്പോൾ പലവിധ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകും.
പാറ്റയെ തുരത്താൻ പല മാർഗങ്ങളും ഇതിനോടകം നിങ്ങൾ പരീക്ഷിച്ചിട്ടുണ്ടാകും. എന്നാൽ ഒന്നും ഫലം കണ്ടില്ലേ? കെമിക്കൽ റിപ്പല്ലന്റുകളാകും നമ്മൾ പലപ്പോഴും ഉപയോഗിക്കാറുള്ളത്. എന്നാൽ ഇവ അടുക്കളയിൽ അടിക്കുന്നതിന് ഒരു പരിമിതിയുണ്ട്. ഭക്ഷണം പാകം ചെയ്യുന്ന സ്ഥലമായതിനാൽ തന്നെ കെമിക്കൽ റിപ്പല്ലന്റുകൾ ഉപയോഗിക്കുന്നതും ചീത്തയാണ്.
പാറ്റയെ തുരത്താൻ ഓറഞ്ച് തൊലികൾ ഉപയോഗിച്ച് ഒരു പ്രയോഗമുണ്ട്. ഫലപ്രദമായി പാറ്റയെ തുരത്താനുള്ള ഒരു മാർഗമാണിത്. ഓറഞ്ചിന്റെ മണം തന്നെയാണ് ഇതിന് സഹായകമാകുന്നത്. സിട്രസ് മണം നൽകുന്ന ലിമോണീൻ എന്ന സംയുക്തം അടങ്ങിയതാണ് ഓറഞ്ചിന്റെ തൊലി. ഇതിന്റെ ഗന്ധം നമുക്ക് ഇഷ്ടപ്പെടുന്നതാണെങ്കിലും പാറ്റകൾക്ക് ഇത് വളരെ അസ്വസ്ഥതയുണ്ടാക്കുന്നതാണ്.
ഓറഞ്ച് തൊലികൾ ഇട്ട് വയ്ക്കുന്നിടത്ത് പാറ്റ വരില്ലെന്നാണ് പറയാറ്. ഇത് എങ്ങനെയാണ് ചെയ്യേണ്ടതെന്ന് നോക്കാം. അതിനായി ആദ്യം ഓറഞ്ച് തൊലികൾ നന്നായി ഉണക്കിയെടുക്കണം. തുടർന്ന് ഈ തൊലികള്‍ സിങ്കിന്റെ താഴെ, അടുക്കളയുടെ മൂലകള്‍, സ്‌റ്റോര്‍ റൂം തുടങ്ങിയ സ്ഥലങ്ങളിൽ വയ്ക്കാം.
ഇങ്ങനെ ചെയ്യുമ്പോൾ പാറ്റകള്‍ വേഗത്തില്‍ അപ്രത്യക്ഷമാകുന്നത് കാണാനാകും. ഇടയ്ക്കിടെ തൊലികൾ മാറ്റിയിടണം. ഓറഞ്ചിന്റെ തൊലികൾ പാറ്റയെ കൊല്ലുന്നില്ല. എന്നാൽ അവയുടെ ശല്യം ഇല്ലാതാക്കാൻ സഹായിക്കും. മാലിന്യങ്ങൾ കൃത്യമായി മാറ്റി വൃത്തിയാക്കി വച്ചാൽ പാറ്റശല്യം കുറയും.
















