ലക്നൗ: ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യയുടെ ആയുധ മികവ് ലോകം കണ്ടുവെന്ന് ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ ചേർന്ന പൊതുസമ്മേളനത്തില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും ‘ആത്മനിര്‍ഭര്‍ ഭാരതി’ന്റെ കരുത്ത് തെളിയിച്ചെന്നും അദ്ദേഹം പറഞ്ഞു.
ബ്രഹ്മോസ് മിസൈലുകൾ ഇന്ത്യയുടെ ശത്രുക്കളിൽ ഭയം ജനിപ്പിച്ചു. ബ്രഹ്മോസ് മിസൈലെന്ന് കേൾക്കുമ്പോൾ പാകിസ്ഥാന്റെ ഉറക്കം പോകുമെന്നും നരേന്ദ്ര മോദി പറഞ്ഞു. പാക്കിസ്ഥാൻ വീണ്ടും എന്തെങ്കിലും പാപം ചെയ്താൽ ഉത്തർപ്രദേശിൽ നിർമിച്ച മിസൈലുകൾ തീവ്രവാദികളെ നശിപ്പിക്കും. പാക്കിസ്ഥാൻ അസ്വസ്ഥമാണെന്ന് എല്ലാവർക്കും മനസിലാകും. പക്ഷേ, പാക്കിസ്ഥാൻ അനുഭവിക്കുന്ന വേദന കോൺഗ്രസിനും സമാജ്‌വാദി പാർട്ടിക്കും സഹിക്കാൻ കഴിയില്ല. പാക്കിസ്ഥാൻ കരയുകയാണ്.
ഇവിടെ കോൺഗ്രസും എസ്‌പിയും തീവ്രവാദികളുടെ അവസ്ഥ കണ്ട് കരയുകയാണെന്നും നരേന്ദ്ര മോദി പരിഹസിച്ചു.‘‘കോൺഗ്രസ് നമ്മുടെ സേനയുടെ ധീരതയെ നിരന്തരം അപമാനിക്കുകയാണ്. പഹൽഗാം ഭീകരരെ എന്തിനാണ് കൊലപ്പെടുത്തിയതെന്ന് സമാജ്‌വാദി പാർട്ടി നേതാക്കൾ ചോദിച്ചു. എന്തെങ്കിലും നടപടിയെടുക്കുന്നതിനു മുൻപ് ഞാൻ അവരെ വിളിച്ചു ചോദിക്കണോ ? 26 സാധാരണക്കാരെ കൊന്ന പഹൽഗാം ആക്രമണത്തിനു പ്രതികാരം ചെയ്യുമെന്ന എന്റെ വാഗ്ദാനം ഭഗവാൻ ശിവന്റെ അനുഗ്രഹത്താൽ നിറവേറ്റപ്പെട്ടിരിക്കുകയാണ്. 140 കോടി ജനതയുടെ ഐക്യം ഓപ്പറേഷൻ സിന്ദൂറിന്റെ ശക്തിയായി മാറി’’ – പ്രധാനമന്ത്രി പറഞ്ഞു.
















