യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നികുതി ചുമത്തിയതിന് പിന്നാലെ ഇന്ത്യൻ രൂപ മൂല്യത്തകർച്ച നേരിടാൻ സാധ്യതയെന്ന് ഐസിഐസിഐ ബാങ്കിന്റെ റിപ്പോർട്ട്. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 88.5 ആയി കുറയുമെന്നാണ് റിപ്പോർട്ട്. ഈ സാമ്പത്തിക വർഷത്തിൻ്റെ തുടക്കം മുതൽ രൂപയുടെ മൂല്യം ഇതിനോടകം 2.4 ശതമാനം ഇടിഞ്ഞിട്ടുണ്ടെന്നും നിലവിൽ യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപ 87.55 എന്ന നിലയിലാണെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കിയതായും പ്രസ്തുത റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.
എന്നാല്‍ റിയല്‍ എഫ്ടീവ് എക്സ്ചേഞ്ച് റെയ്റ്റ് വച്ചുനോക്കുമ്പോള്‍ 100-ന് അടുത്തായി രൂപ മികച്ച നിലയിലാണ്. ഈ വർഷം യുഎസ് ഡോളർ ഇന്‍ഡക്സ് 8 ശതമാനം കുറഞ്ഞുവെന്നാണ് കണക്കുകള്‍. എന്നിരുന്നാലും നിരവധി വ്യാപാര കരാറുകളിൽ ഒപ്പുവച്ചതിനാൽ ഈ മാസം ഡോളർ സൂചിക വീണ്ടും വർധിച്ചു. ഇത് ഇന്ത്യൻ രൂപ ഉൾപ്പെടെ മിക്ക കറൻസികളിലും പൊതുവായ മൂല്യത്തകർച്ചക്ക് കാരണമായി.
ഇന്ത്യക്കുമേലുള്ള പുതിയ യുഎസ് തീരുവകൾ നേരത്തെ നിശ്ചയിച്ചിരുന്ന 10 ശതമാനത്തിൽ നിന്ന് 25 ശതമാനമായിട്ടാണ് ഉയർത്തിയിരിക്കുന്നത്. ചൈന ഒഴികെയുള്ള മിക്ക ഏഷ്യൻ കയറ്റുമതിക്കാർക്കും ചുമത്തിയിരുന്ന 15 മുതൽ 20 ശതമാനം തീരുവയെക്കാൾ കൂടുതലാണ് ഈ നിരക്കുകൾ.
വർഷത്തിൻ്റെ ആദ്യ പകുതിയിൽ യുഎസില്‍ നിന്നും വലിയ തോതിലുള്ള ഇറക്കുമതിയാണ്ടായപ്പോള് വ്യവസ്ഥകളില്‍ ഇളവുവരുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. ഉയർന്ന തീരുവകൾ തുടർന്നാൽ യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി ചുരുങ്ങുകയും ഇത് സാമ്പത്തിക വളർച്ചയെ പ്രതികൂലമായി ബാധിച്ചേക്കാമെന്നും പ്രസ്തുത റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.
2025 സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പാതത്തിൽ യുഎസ് ഇതര രാജ്യങ്ങളിലേക്കുള്ള കയറ്റുമതി മുൻ വർഷത്തെ അപേക്ഷിച്ച് 2.9 ശതമാനം കുറഞ്ഞു. എന്നാൽ വരും മാസങ്ങളിൽ ഈ ഇടിവ് ത്വരിതപ്പെട്ടേക്കാം. ഇന്ത്യയിലേക്കുള്ള തീരുവകൾ മുൻ നിലവാരത്തിൽ നിന്ന് ഏകദേശം 20 ശതമാനം വർധിക്കുകയും ഡിമാൻഡ് ഇലാസ്റ്റിസിറ്റി 1.0 ആയി കണക്കാക്കുകയും ചെയ്യുന്നതിനാൽ ഇന്ത്യയെ കൂടാതെ തീരുവകൾ നേരിടുന്ന മിക്ക രാജ്യങ്ങൾക്കും ഡിമാൻഡിൽ കുറവുണ്ടാകുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
25 ശതമാനം ഉയർന്ന തീരുവ ഇന്ത്യയുടെ ജിഡിപിയിൽ 0.3 മുതൽ 0.4 ശതമാനം ഇടിവിന് കാരണമാകുമെങ്കിലും മറ്റ് മേഖലകളിലേക്കുള്ള കയറ്റുമതി വർധിച്ചാൽ മൊത്തത്തിലുള്ള ആഘാതം 0.1 മുതൽ 0.2 ശതമാനമായി പരിമിതപ്പെടുത്തിയേക്കാം. ആഗോള എണ്ണവില എങ്ങനെ നീങ്ങുന്നു എന്നതിനെ ആശ്രയിച്ചിരിക്കുമിത്. ആഗോള വളർച്ചയിലെ മാന്ദ്യം എണ്ണവില കുറച്ചേക്കാം. എന്നാൽ റഷ്യൻ ക്രൂഡിന് മേലുള്ള അധിക ഉപരോധങ്ങൾ ഒരു പ്രതിരോധ ശക്തിയായി പ്രവർത്തിച്ചേക്കാം.
വിവിധ രാജ്യങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ചുമത്താനുള്ള ഉത്തരവിനെയാണ് ഇപ്പോൾ എടുത്തു കാണിക്കുന്നത്. ഓഗസ്റ്റ് 7 മുതലാണ് പുതിയ തീരുവകൾ പ്രാബല്യത്തിൽ വരുന്നത്. 41 ശതമാനം വരെ ഉയർന്ന തീരുവ ചുമത്താനാണ് നീക്കം. കൂടാതെ കനേഡിയൻ ഇറക്കുമതിക്ക് നിലവിലെ 25 ശതമാനത്തിൽ നിന്ന് 35 ശതമാനം വരെ വർധനവ് ഏർപ്പെടുത്തി. ക്യാനഡ, മെക്സിക്കോ, ദക്ഷിണ കൊറിയ, ബ്രസീൽ തുടങ്ങി യൂറോപ്യൻ യൂണിയൻ അടക്കം 68 രാജ്യങ്ങളെയാണ് ഇത് ബാധിക്കുവാൻ പോകുന്നത്.
















