ബെംഗളൂരു: വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസിൽ ജനതാദൾ(എസ്) മുൻ എംപി പ്രജ്വൽ രേവണ്ണക്ക് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. ബെംഗളൂരുവിലെ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. പ്രജ്വലിനെതിരായ നാല് പീഡനക്കേസുകളിലെ ആദ്യത്തെ വിധിയാണിത്.
കഴിഞ്ഞ ദിവസം ഇയാൾ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. മുതിർന്ന അഭിഭാഷകരായ അശോക് നായക്, ബി.എൻ. ജഗദീശ എന്നിവരായിരുന്നു സ്പെഷൽ പ്രോസിക്യൂട്ടർമാർ. 2 തവണ പ്രജ്വലിന്റെ ഫാം ഹൗസിലും ഒരു തവണ ബസവനഗുഡിയിലെ വീട്ടിലും പീഡിപ്പിച്ചതായും മൊബൈലിൽ രംഗങ്ങൾ ചിത്രീകരിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു. ഇതേ ജോലിക്കാരിയെ പിന്നീട് മൈസൂരു കെആർ നഗറിലെ വീട്ടിൽനിന്നു തട്ടിക്കൊണ്ടുപോയെന്ന കേസിൽ പ്രജ്വലിന്റെ പിതാവും എംഎൽഎയുമായ എച്ച്.ഡി.രേവണ്ണയും മാതാവ് ഭവാനി രേവണ്ണയും പ്രതികളാണ്.
2024 മേയ് 31ന് അറസ്റ്റിലായ പ്രജ്വൽ നിലവിൽ പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ വിചാരണത്തടവിലാണ്. 2024 ഏപ്രിലിൽ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഹാസനിൽ അശ്ലീല വിഡിയോകളടങ്ങിയ പെൻഡ്രൈവുകൾ പ്രചരിച്ചതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്.
















