സാഹിത്യ വിമർശകൻ, ജീവചരിത്രകാരൻ, അധ്യാപകൻ, പ്രഭാഷകൻ..എങ്ങനെ വിശേഷിപ്പിക്കും ഈ ബഹുമുഖ പ്രതിഭയെ… തന്റെ കർമ്മമണ്ഡലത്തിലെല്ലാം എംകെ സാനു എന്ന പ്രതിഭ തിളങ്ങി.അവസാന ശ്വാസം വരെ സാഹിത്യത്തെ മുറുകെ പിടിച്ച എം കെ സാനു കേരള പൊതുമണ്ഡലത്തില്‍ എക്കാലവും ഓര്‍മിക്കപ്പെടുന്ന,മലയാള സാഹിത്യലോകം കണ്ട ഏറ്റവും മികച്ച സാഹിത്യ വിമര്‍ശകരില്‍ ഒരാളായി മടങ്ങി.
വിപുലമായ ശിഷ്യസമ്പത്തായിരുന്നു സാനു മാഷിന്റെ കരുത്ത്. സാഹിത്യത്തിന്റെയും സാംസ്‌കാരിക കേരളത്തിന്റെയും ശബ്ദമായി മാറിയിരുന്ന എംകെ സാനു 98-ാം വയസ്സിലും സജീവമായിരുന്നു. ഏറ്റവും ഒടുവില്‍ ആ തൂലിക ചലിച്ചത് ‘തപസ്വിനി അമ്മ’യെക്കുറിച്ചെഴുതാനായിരുന്നുവെന്നതും ശ്രദ്ധേയം. ‘തപസ്വിനി അമ്മ: അബലകള്‍ക്ക് ശരണമായി ജീവിച്ച പുണ്യവതി’ എന്ന പുസ്തകത്തില്‍ നവോത്ഥാന നായകര്‍ക്കൊപ്പം ഓര്‍മിക്കേണ്ട തപസ്വിനി അമ്മയെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തി സാനുമാഷ്.ഇന്ന് വൈകിട്ടോടെയായിരുന്നു എം കെ സാനുവിന്റെ വിയോഗം. വീണ് പരിക്കേറ്റ് ചികിത്സയിലിരുന്നു. 1928 ഒക്ടോബർ 27-ന് ആലപ്പുഴയിലെ തുമ്പോളിയിലാണ് എം.കെ സാനുവിന്റെ ജനനം.സമ്പന്ന കൂട്ടുകുടുംബത്തിൽ ജനിച്ച എം കെ സാനു, അകാലത്തിൽ അച്ഛൻ മരിച്ചതോടെ ദാരിദ്ര്യത്തിന്റെയും നിസ്സഹായതയുടെയും നിഴലിലായി. അവിടെ നിന്നാണ് അദ്ദേഹം സാഹിത്യ ലോകത്തും സാംസ്കാരിക മണ്ഡലത്തിലും നിറഞ്ഞത്.
സ്‌കൂൾ അധ്യാപകനായാണ് ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. പിന്നീട് വിവിധ കോളേജുകളിൽ അധ്യാപകനായും അദ്ദേഹം പ്രവർത്തിച്ചു. ദീർഘകാലം എറണാകുളം മഹാരാജാസ് കോളേജിൽ അധ്യാപകനായി പ്രവർത്തിച്ചിരുന്നു.1983-ൽ അധ്യാപനത്തിൽ നിന്ന് വിരമിച്ചു.. പ്രസംഗത്തിലേക്കും എഴുത്തിലേക്കുമൊക്കെ സാനു മാഷ് കടന്നുവരവ് യാദൃച്ഛികമായിരുന്നു. എൺപതിലേറെ പുസ്തകങ്ങൾ രചിച്ച അദ്ദേഹത്തിന് എഴുത്തച്ഛൻ പുരസ്കാരം ഉൾപ്പെടെയുള്ള അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. നാരായണ ഗുരുവും ഗുരുദർശനങ്ങളും സാനുവിനെ സ്വാധീനിച്ചു. മലയാളഭാഷയിലെ മികച്ച ജീവചരിത്രകൃതികളെല്ലാം പ്രൊഫ എം.കെ സാനുവിന്റെ നിരീക്ഷണത്തിൽ നിന്നും സംഭാവന ചെയ്യപ്പെട്ടതാണ്.
എറണാകുളത്തിൻറെ സാംസ്കാരിക-സാമൂഹിക മണ്ഡലത്തിൽ കർമനിരതനായ എംകെ സാനു 1987-ൽ എറണാകുളം നിയമസഭാമണ്ഡലത്തിൽ നിന്നും ഇടതുപക്ഷ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് എ എല്‍ ജേക്കബിനെ ആയിരുന്ന പരാജയപ്പെടുത്തിയത്.
1958-ൽ അഞ്ചു ശാസ്ത്ര നായകന്മാർ എന്ന ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1960-ൽ വിമർശനഗ്രന്ഥമായ കാറ്റും വെളിച്ചവും പുറത്തിറങ്ങി. 1984-ൽ പുരോഗമന സാഹിത്യസംഘം പ്രസിഡന്റായി. വിമർശനം, വ്യാഖ്യാനം, ബാലസാഹിത്യം, ജീവചരിത്രം തുടങ്ങി വിവിധ സാഹിത്യശാഖകളിലായി നിരവധി കൃതികളുടെ രചയിതാവാണ് എം.കെ. സാനു. കർമഗതി എന്നാണ് ആത്മകഥയുടെ പേര്.
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, കേരള സാഹിത്യ അക്കാദമി പുരസ്കാരം, വയലാര്‍ അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്കാരം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകൾ നേടിയിട്ടുണ്ട്. വാര്‍ധക്യത്തിലും സാഹിത്യ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു മലയാളത്തിൻറെ പ്രിയപ്പെട്ട സാനുമാഷ്.
















