സാംസ്കാരിക കേരളത്തിന് നികത്താനാകത്താ വിടവാണ് സാനുമാഷ്.വെറുമൊരു സാഹിത്യകാരൻ മാത്രമായിരുന്നില്ല വ്യക്തമായ രാഷ്ട്രീയ നിലപാടുകളുണ്ടായിരുന്ന പൊതുപ്രവർത്തകൻ കൂടിയായിരുന്നു സാനു മാസ്‌റ്റർ. പുരോഗമന കലാസാഹിത്യ സംഘം പ്രസിഡന്‍റ് ആയിരിക്കെ അഴിമതിക്കെതിരെ സാനു മാസ്‌റ്റർ നടത്തിയ പ്രതികരണങ്ങൾ ഏറെ ശ്രദ്ധനേടിയിരുന്നു. ഇത് തന്നെയായിരുന്നു അദേഹത്തെ ജനപ്രതിനിധിയാക്കണമെന്ന നിലപാടിലേക്ക് ഇടതുപക്ഷമെത്തിചേർന്നത്. അതെ തന്റെ ജീവിത സപര്യയിൽ രാഷ്ട്രീയക്കാരന്റെ കുപ്പായവുമാണിഞ്ഞിട്ടുണ്ട് എംകെ സാനു.
പ്രവർത്തന മേഖല സാഹിത്യമായതിനാൽ നിയമസഭയിലേക്ക് മത്സരിക്കാൻ സാനു മാസ്‌റ്റർക്ക് തിരെ താല്‍പര്യമില്ലായിരുന്നു. എന്നാൽ സാനുമാഷിനായി സാക്ഷാൽ ഇഎംഎസ് നമ്പൂതിരിപ്പാട് തന്നെ രംഗത്ത് വന്നു. താൻ ബഹുമാനിക്കുന്ന കമ്യൂണിസ്‌റ്റ് നേതാവിൻ്റെ വാക്കുകൾ മാഷിന് തള്ളാൻ കഴിയുമായിരുന്നില്ല. തത്വാധിഷ്ഠിതമായ രാഷ്ട്രീയമാണ് ഇത്തവണ അവതരിപ്പിക്കുന്നത് എന്ന് ഇഎംഎസ് സാനുമാസ്‌റ്ററെ ബോധ്യപ്പെടുത്തുകയായിരുന്നു. ജാതി മത വിഭാഗങ്ങളുടെ പിന്തുണ തേടാതെയും, അവരുമായി കൂട്ട് കൂടാതെയും തികച്ചും രാഷ്ട്രീയമായ മത്സരമാണിതെന്നായിരുന്നു ഇഎംഎസിൻ്റെ നിലപാട്. സാംസ്കാരിക രംഗത്തുള്ളവരെ കൂടി ഉൾപ്പെടുത്തി രാഷ്ട്രീയ രംഗത്തെ സാംസ്കാരികവൽക്കരിക്കുന്ന പ്രവർത്തനമായിട്ടാണ് അതിനെ ഇഎംഎസ് വ്യഖ്യാനിച്ചത്.
തുടർന്നാണ് 1987-ൽ ഇടതു മുന്നണിയുടെ പിന്തുണയോടെ എറണാകുളം മണ്ഡലത്തിൽനിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചത്. എറണാകുളം മണ്ഡലത്തിൻ്റെ ചരിത്രം തിരുത്തിക്കുറിച്ച് ആദ്യമായി ഇടതുമുന്നണിക്ക് മണ്ഡലത്തിൽ ജയിക്കാൻ കഴിഞ്ഞതും സാനുമാസ്റ്ററിലൂടെയായിരുന്നു.
അച്യുതമേനോൻ, ഗൗരിയമ്മ ഉൾപ്പടെയുള്ള പ്രമുഖർ സാനുമാസ്റ്റർക്ക് വോട്ടു പിടിക്കാൻ എറണാകുളത്ത് എത്തി. തോപ്പിൽ ഭാസി, മലയാറ്റൂർ രാമകൃഷ്ണൻ ഉൾപ്പടെയുള്ള സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖരും പ്രചാരണ മുഖത്തുണ്ടായിരുന്നു. പൊതുവേ ഇടതുപക്ഷ വിരുദ്ധ നിലപാടുകൾ സ്വീകരിച്ച പലരും സാനുമാസ്‌റ്ററെ വിജയിപ്പിക്കാൻ രംഗത്തിറങ്ങി.സാനുമാസ്റ്ററെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പുറത്തിറക്കിയ പ്രസ്താവനയിൽ കമ്മ്യൂണിസ്റ്റ് പാർട്ടികളെ എതിർക്കുന്നവർവരെയുണ്ടായിരുന്നുവെന്നത് ചരിത്രം.അങ്ങനെ എറണാകുളം മണ്ഡലത്തിൻ്റെ ചരിത്രം തിരുത്തിക്കുറിച്ച് ആദ്യമായി ഇടതുമുന്നണിക്ക് മണ്ഡലത്തിൽ സീറ്റ് ലഭിച്ചു. കോണ്‍ഗ്രസ് നേതാവ് എ എല്‍ ജേക്കബിനെ ആയിരുന്നു പരാജയപ്പെടുത്തിയത്.
സഭയിലും എംകെ സാനു തിളങ്ങി. നിരവധി ജനോപകരപ്രദമായ പ്രവർത്തനങ്ങളാണ് ജനപ്രതിനിധി എന്ന നിലയിൽ അദ്ദേഹം നടത്തിയത്. തൻ്റെ വിശാലമായ അറിവും പ്രസംഗ പാഠവവും അദേഹം നിയമസഭയിൽ ഉപയോഗപ്പെടുത്തിയിരുന്നു. ബുദ്ധി മാന്ദ്യം സംഭവിച്ച കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന ബില്ല് നിയമസഭയിൽ അവതരിപ്പിച്ചത് സാനുമാസ്റ്ററായിരുന്നു. എറണാകുളം നഗരത്തെയും വൈപ്പിൻ ദ്വീപുകളെയും ബന്ധിപ്പിക്കുന്ന ഗോശ്രീപാലങ്ങൾ യാഥാർഥ്യമാക്കാൻ കവിത ചൊല്ലി സഭയിൽ സാനുമാസ്റ്റർ നടത്തിയ പ്രസംഗം ഏറെ ശ്രേദ്ധേയമായിരുന്നു.
ഗ്രന്ഥശാല ബില്‍ നിയമസഭയിൽ അവതരിപ്പിച്ചതും സാനുമാസ്റ്ററായിരുന്നു. രണ്ടാം തവണ നിയമസഭയിലേക്ക് മത്സരിക്കാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പ്രവർത്തന മണ്ഡലം രാഷ്ട്രീയമല്ലെന്ന നിലപാടിൽ ഉറച്ചു നിന്ന് പിന്‍മാറുകയായിരുന്നു.
നിയമസഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടെതിനെ തുടർന്ന് പാർട്ടിയിൽ ചേരാൻ പ്രേരണയുണ്ടായിരുന്നു. എന്നാൽ തനിക്ക് പാർട്ടിയുടെ ചട്ടക്കൂടിൽ ഒതുങ്ങി നിൽക്കാൻ കഴിയില്ലെന്ന് മനസിലാക്കി ക്ഷണം നിരസിച്ചു
പുതിയ തലമുറയോട് രാഷ്ട്രീയത്തെ അവഗണിക്കരുതെന്നാണ് സാനുമാസ്റ്റർ എല്ലായ്‌പ്പോഴും ഉപദേശിച്ചത്. ഒരു ജനതയുടെ ഭാഗധേയം നിർണയിക്കുന്നത് രാഷ്ട്രീയമാണന്ന ബോധ്യമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. ജനങ്ങളുടെ സുരക്ഷിതത്വവും ക്ഷേമവും ഉറപ്പുവരുത്തുന്നവരുടെ കൈകളിൽ രാഷ്ട്രീയം എത്തിച്ചേരണമെന്നും രാഷ്ട്രീയത്തെ നിരാകരിക്കുന്നത് അപകടം ചെയ്യുമെന്നും അദ്ദേഹം എന്നും ഓർമിപ്പിച്ചിരുന്നു.
















