എറണാകുളം: പ്രശസ്ത നിരൂപകനും എഴുത്തുകാരനുമായ പ്രൊഫസര്‍ എം കെ സാനുവിന് വിട നല്‍കാന്‍ കേരളം. സംസ്കാരം ഔദ്യോഗിക ബഹുമതികളോട് ഇന്ന് വൈകിട്ട് നടക്കും. എറണാകുളം രവിപുരം ശ്മശാനത്തിൽ അഞ്ചുമണിയോടുകൂടിയാണ് സംസ്ക്കാരം. രാവിലെ ഒമ്പതുമണി മുതല്‍ 10 വരെ വീട്ടിലും തുടര്‍ന്ന് എറണാകുളം ടൗണ്‍ഹാളിലും പൊതുദര്‍ശനം. സംസ്ഥാന സർക്കാരിന് വേണ്ടി എറണാകുളം ജില്ലാ കലക്ടർ എൻ.എസ്കെ. ഉമേഷ് പുഷ്പചക്രമർപ്പിക്കും. മുഖ്യമന്ത്രി ടൗണ്‍ഹാളില്‍ എത്തി ആദരാഞ്ജലി അര്‍പ്പിക്കും. ഇതിനുശേഷമാണ് സംസ്കാര ചടങ്ങുകൾ നടക്കുക.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് 5.35 നായിരുന്നു എം കെ സാനുവിന്റെ അന്ത്യം. വീണ് പരുക്കേറ്റതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടയില്‍ ന്യൂമോണിയ ബാധിച്ചതും ആരോഗ്യപ്രശ്‌നം ഗുരുതരമാക്കിയിരുന്നു. ഇന്നലെ രാത്രി ആശുപത്രിയിൽ കേന്ദ്രമന്ത്രിയടക്കം നിരവധി പേർ അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു. ഇന്നും സമൂഹത്തിൻറെ നാനാഭാഗത്തുള്ള പ്രമുഖർ ഉൾപ്പെടെ നിരവധിപേർ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തും.
















