തിരുവനന്തപുരം: ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റിൽ ഇന്നും നാളെയും എൽഡിഎഫിന്റെ പ്രതിഷേധം. ഛത്തീസ്ഗഡിലെ ബിജെപി സർക്കാർ സംഘപരിവാർ അജണ്ട നടപ്പാക്കുന്നു എന്ന് ആരോപിച്ചാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. നിയമസഭാ മണ്ഡലം കേന്ദ്രീകരിച്ചാണ് പ്രതിഷേധസദസ്. ഇന്നും നാളെയുമായി 140 നിയമസഭാ മണ്ഡലങ്ങളിലും നടക്കുന്ന പ്രതിഷേധത്തിന് പ്രധാന നേതാക്കൾ നേതൃത്വം നൽകും.
ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡിൽ നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും ചുമത്തിയാണ് മലയാളികളായ രണ്ട് കന്യാസ്ത്രീകളെ ജയിലിലടച്ചത്. ഇവരെ തടഞ്ഞുവച്ച് പൊലീസിലേൽപ്പിച്ചത് ബജ്‌രംഗ്‌ദളാണ്. പൊലീസും റെയിൽവേ അധികൃതരും അക്രമികൾക്കൊപ്പം ചേർന്നുവെന്നതും അതീവ ഗൗരവതരമാണ്. ജാമ്യാപേക്ഷയെ നിരന്തരം എതിർക്കുകയായിരുന്നു സർക്കാർ. ജാമ്യം ലഭിച്ചെങ്കിലും കള്ളക്കേസ് തുടരുമെന്നാണ് സ്ഥിതി.
















