കോഴിക്കോട്: തൊട്ടില്‍പാലം പശുക്കടവിലെ വീട്ടമ്മയുടെ മരണത്തില്‍ നരഹത്യയ്ക്ക് കേസെടുക്കാന്‍ പൊലീസ്. വൈദ്യുതക്കെണിയാണ് മരണകാരണമെന്ന നിഗമനത്തിലാണ് പൊലീസ്. പോസ്റ്റ് മോർട്ടം പരിശോധനയിലാണ് കണ്ടെത്തൽ. കോങ്ങാട് ചൂള പറമ്പിൽ ഷിജുവിന്റെ ഭാര്യ ബോബിയെയാണ് (40) മരിച്ച നിലയിൽ കണ്ടെത്തിയത്.വളര്‍ത്തു പശുവിനെ അന്വേഷിച്ചുപോയ ബോബിയെ തോട്ടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. BNSലെ 105,106 വകുപ്പുകള്‍ ചേര്‍ക്കാനാണ് ആലോചന. നിലവില്‍ അസ്വഭാവിക മരണത്തിനു മാത്രമാണ് കേസ്. കൃഷിസംരക്ഷിക്കാന്‍ അല്ല ഇലട്രിക്ക് കെണി എന്നും പൊലീസ് നിരീക്ഷിക്കുന്നുണ്ട്. മൃഗവേട്ടക്കുള്ള കെണിയാണ് എന്നാണ് നിഗമനം.
കഴിഞ്ഞ ദിവസം വനാതിർത്തിയിൽ പശുവിനെ മേയ്ക്കാൻ കൊണ്ടുപോയതായിരുന്നു ബോബി. ഉച്ചയ്ക്ക് പശുവിനെ അഴിക്കാനായി വനാതിർത്തിയിലേക്ക് പോയ ബോബി പിന്നീട് രാത്രി ഏഴുമണി കഴിഞ്ഞിട്ടും വന്നില്ല. തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരും പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും കുറ്റ്യാടി ദുരന്തനിവാരണ സേനയിലെ ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ തെരച്ചിലിൽ ബോബിയുടെയും വളര്‍ത്തു പശുവിന്റെയും മൃതദേഹം കൊക്കോത്തോട്ടത്തില്‍ കണ്ടെത്തുകയായിരുന്നു. ബോബിയെ മരിച്ച നിലയില്‍ കാണപ്പെട്ട സ്ഥലത്ത് പൊലീസും ഡോഗ് സ്‌ക്വാഡും വിശദമായ പരിശോധന നടത്തി. സ്ഥല ഉടമയായ ആലക്കല്‍ ജോസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് തീരുമാനം.
















