കൊച്ചി: റാപ്പർ വേടൻ പ്രതിയായ ബലാത്സംഗക്കേസിന്‍റെ അന്വേഷണം നാളെ മുതൽ പൊലീസ് ഊർജിതമാക്കും. കേസിൽ രഹസ്യമൊഴിയുടെ പകർപ്പ് പൊലീസ് ആവശ്യപ്പെട്ടു. മൊഴി പകർപ്പ് ലഭിച്ച ശേഷം വിശദമായ അന്വേഷണത്തിലേക്ക് കടക്കും. ആരോപണം ഉന്നയിച്ച യുവതി നൽകിയ മൊഴിയിലുളള വേടന്‍റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യും. മുൻകൂർജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി വന്നശേഷമേ വേടനെ ചോദ്യം ചെയ്യുകയുള്ളു.
യുവ ഡോക്ടർ നൽകിയ പരാതിയിലാണ് എറണാകുളം തൃക്കാക്കര പൊലീസ് കേസ് എടുത്തത്. 2021 മുതൽ – 2023 വരെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാണ് യുവ ഡോക്ടറുടെ പരാതി. കോഴിക്കോടും കൊച്ചിയിലും വെച്ചായിരുന്നു പീഡനം. തന്റെ പക്കൽ നിന്ന് പണം വാങ്ങിയതായും യുവതി നൽകിയ പരാതിയിൽ പറയുന്നുണ്ട്. വേടനും പരാതിക്കാരിയും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയതിന്റെ തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ അറിയുന്ന സുഹൃത്തുക്കളുടെ പേരും യുവതി മൊഴിയിൽ പരാമർശിച്ചിരുന്നു.
തൃക്കാക്കര പൊലീസാണ് വേടനെതിരായ കേസ് രജിസ്റ്റർ ചെയ്തത്. ഫാൻ എന്ന നിലയിലാണ് റാപ്പർ വേടനുമായി അടുത്തതെന്നും പിന്നീട് പ്രണയത്തിലാകുകയായിരുന്നുവെന്നും വിവാഹവാഗ്ധാനം നടത്തി പീഡിപ്പിക്കുകയായിരുന്നുവെന്നും മൊഴിയിലുണ്ട്. കേസിൽ മുൻകൂർ ജാമ്യം തേടി വേടൻ കഴിഞ്ഞദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നെന്നും ഇപ്പോൾ തെറ്റായ ആരോപണം ഉന്നയിക്കുന്നതെന്നാണ് ഹർജിയിൽ പറയുന്നത്. അന്വേഷണം പ്രാരംഭഘട്ടത്തിൽ ആയതിനാൽ വേടന്റെ മുൻകൂർ ജാമ്യപേക്ഷയെ പോലീസ് ഹൈക്കോടതിയിൽ എതിർക്കും.
















