തിരുവനന്തപുരം: സിനിമ നയരൂപീകരണത്തിൻ്റെ ഭാഗമായി സർക്കാർ സംഘടിപ്പിച്ച സിനിമ കോൺക്ലേവ് ഇന്ന് സമാപിക്കും. ശങ്കരനാരായണൻ തമ്പി ഹോളിൽ നടക്കുന്ന സമാപനചടങ്ങ് അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സ്ത്രീ സുരക്ഷ, ലിംഗ സമത്വം, തൊഴിൽ സുരക്ഷിതത്വം തുടങ്ങിയ വിഷയങ്ങളിൽ വിശദ ചർച്ചകളാണ് കോൺക്ലേവിൽ നടക്കുന്നത്. പ്രതിനിധികളുടെ അഭിപ്രായങ്ങൾ ഉൾപ്പെടുത്തി അന്തിമ നയം തയ്യാറാക്കാനാണ് തീരുമാനം. രണ്ടുദിവസങ്ങളിലായി തിരുവനന്തപുരത്ത് നടക്കുന്ന കോൺക്ലേവിൽ 600 ഓളം പ്രതിനിധികളാണ് പങ്കെടുക്കുന്നത്. രാജ്യത്തിനാകെ മാതൃകയായ ചലച്ചിത്ര നയ രൂപീകരണത്തിന്റെ ഭാഗമായുള്ള കോൺക്ലെവ് സംസ്ഥാനത്ത് സംഘടിപ്പിച്ചതോടെ, വൻ പ്രതിനിധി പങ്കാളിത്തമാണ് ലഭിച്ചത്.
ചർച്ചകളുടെ അടിസ്ഥാനത്തിൽ സിനിമാനയം രൂപീകരിക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. രണ്ടുദിവസങ്ങളിലായി നടക്കുന്ന കോൺക്ലെവിൽ ചലച്ചിത്രമേഖലയുമായി ബന്ധപ്പെട്ട 10 പ്രധാന വിഷയങ്ങളിൽ ആറു വിഷയങ്ങളിലെ ചർച്ച നടന്നു. ബാക്കി നാല് വിഷയങ്ങളിലെ പാനൽ ചർച്ചകൾ ഇന്ന് നടക്കും. ശേഷം, ചർച്ച റിപ്പോർട്ട് മന്ത്രി സജി ചെറിയാൻ അവതരിപ്പിക്കും.
കാസ്റ്റിംഗ് കൗച്ച് ഒഴിവാക്കാൻ കർശന നിയമനടപടിയാണ് കരട് സിനിമാനയത്തിൽ ശുപാർശ ചെയ്തിട്ടുള്ളത്. തെറ്റുകൾക്കെതിരെ പ്രതികരിക്കുന്ന സ്ത്രീകൾക്ക് സംരക്ഷണവും സഹായവും നൽകേണ്ടത് സംഘടനകൾ ആണെന്നും കരടിൽ പറയുന്നുണ്ട്. രണ്ടു മാസത്തിനകം സിനിമാനയം മന്ത്രിസഭയിൽ അവതരിപ്പിച്ച് അംഗീകാരം നേടാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ.
















