2025 ജൂലൈ മാസത്തെ വിൽപ്പന റിപ്പോർട്ടുകൾ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ പുറത്തുവിട്ടു. ജൂലൈയിൽ കമ്പനി വാർഷികാടിസ്ഥാനത്തിൽ ഇടിവ് നേരിട്ടു. 2025 ജൂലൈയിൽ ആഭ്യന്തര വിപണിയിൽ ഹ്യുണ്ടായി 43,973 യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തി.
അതേസമയം, വെന്യു ബി-സെഗ്മെന്റ് എസ്‌യുവിയുടെ പുതുക്കിയ പതിപ്പ് ഉടൻ പുറത്തിറക്കാൻ ഹ്യുണ്ടായി ഒരുങ്ങുന്നു. ലോഞ്ച് ചെയ്തതിനുശേഷം വിൽപ്പന വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
2024 ജൂലൈയിൽ വിറ്റഴിച്ച 49,013 യൂണിറ്റുകളെ അപേക്ഷിച്ച് ഹ്യുണ്ടായിയുടെ വിൽപ്പന 10.28% ഇടിവും 5,040 യൂണിറ്റുകളുടെ നഷ്ടവും രേഖപ്പെടുത്തി.
കമ്പനിയുടെ പ്രതിമാസ വിൽപ്പന വിശകലനത്തെക്കുറിച്ച് പറയുകയാണെങ്കിൽ 2025 ജൂണിൽ വിറ്റ 44,024 യൂണിറ്റുകളെ അപേക്ഷിച്ച് 43,973 യൂണിറ്റുകളുടെ വിൽപ്പന വെറും 51 യൂണിറ്റുകൾ മാത്രമായിരുന്നു കുറവ്.
2025 ജൂലൈയിലെ മൊത്തം വിൽപ്പന 60,073 യൂണിറ്റായിരുന്നു. 2025 ജൂലൈയിലെ പ്രതിമാസ വിൽപ്പനയിൽ എസ്‌യുവികളുടെ സംഭാവന 71.8% ആയിരുന്നു എന്നതാണ് വിശകലനത്തിലെ മറ്റൊരു ശ്രദ്ധേയമായ കാര്യം.
ഇത് ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്കാണ്. സി എസ്‌യുവി വിഭാഗത്തിൽ വിപ്ലവം സൃഷ്‍ടിച്ച ക്രെറ്റ എസ്‌യുവിയാണ് ഹ്യുണ്ടായിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാർ. ഒരു ദശാബ്‍ദക്കാലമായി ഈ മേഖലയിൽ ക്രെറ്റ ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ്.
















