ന്യൂഡൽഹി: പഹൽഗാം ഭീകരന്റെ സംസ്കാര ചടങ്ങിൽ ലഷ്കർ കമാൻഡർ പങ്കെടുത്തു. പാക് അധിനിവേശ കശ്മീരിലെ റാവൽകോട്ടിലെ ഖായി ഗാല എന്ന ഗ്രാമത്തിൽ ഓപ്പറേഷൻ മഹാദേവിൽ കൊല്ലപ്പെട്ട താഹിർ ഹബീബിന്റെ സംസ്കാരം നടക്കുകയും, ചടങ്ങിൽ ലഷ്കർ ഭീകരൻ റിസ്വാൻ ഹനീഫ് പങ്കെടുക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ഇതോടെ ഭീകരാക്രമണത്തിന് പിന്നിൽ പാക്കിസ്ഥാന് നേരിട്ട് പങ്കുണ്ടെന്നതിനും കൂടുതൽ സ്ഥിരീകരണം ലഭിച്ചെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ റിസ്വാൻ ഹനീഫ് സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നത് താഹിറിന്റെ കുടുംബം വിലക്കുകയും ഇതു സംഘർഷത്തിൽ കലാശിച്ചെന്നുമാണ് റിപ്പോർട്ട്. വിലാപയാത്രയ്‌ക്കെത്തിയ പ്രദേശവാസികൾക്കു നേരെ ലഷ്കർ ഭീകരർ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും റിപ്പോർട്ടുണ്ട്. അതേസമയം ഓപ്പറേഷൻ മഹാദേവിൽ കൊല്ലപ്പെട്ട ഭീകരൻ താഹിർ ഹബീബ് മുൻപ് ഇസ്‌ലാമി ജാമിയത്ത് തലബ (ഐജെടി), സ്റ്റുഡന്റ് ലിബറേഷൻ ഫ്രണ്ട് (എസ്എൽഎഫ്) എന്നീ സംഘടനകളിൽ പ്രവർത്തിച്ചിരുന്നതായാണ് വിവരം.
















