തിരുവനന്തപുരം: താത്ക്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട് മന്ത്രിമാരായ പി രാജീവും ഡോക്ടർ ആർ ബിന്ദുവും രാജ്ഭവനിലെത്തി. മന്ത്രിമാർ ചാൻസിലറായ ഗവർണറുമായി കൂടിക്കാഴ്ച നടത്തി. കേരള സർവകലാശാലയിലെ പ്രതിസന്ധിയും കൂടിക്കാഴ്ചയിൽ ചർച്ചയായി.
ഒരു മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടുനിന്നു. വി സി നിയമനത്തിൽ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണമെന്ന് മന്ത്രിമാർ ഗവർണറോട് ആവശ്യപ്പെട്ടു. താൽക്കാലിക വി സി നിയമനം സുപ്രീംകോടതി ഉത്തരവ് പ്രകാരം എന്നാണ് രാജ്ഭവൻ മറുപടി. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് മന്ത്രിമാർ ഗവർണറെ കണ്ടത്.
സ്ഥിരം വി സിമാരെ നിയമിക്കുന്നത് ഉയർന്ന അക്കാദമിക യോഗ്യത കൂടി കണക്കിലെടുത്ത് സർക്കാർ ലിസ്റ്റിൽ നിന്ന് വേണമെന്നാകും മന്ത്രിമാർ ഗവർണറോട് ആവശ്യപ്പെടാൻ തീരുമാനിച്ചിരുന്നു. നിയമനത്തിൽ രാഷ്ട്രീയം കലർത്തരുതെന്ന് സുപ്രീംകോടതി നിർദ്ദേശം നിലനിൽക്കുന്നുണ്ട്. ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ സർക്കാർ ലിസ്റ്റ് മറികടന്ന് വീണ്ടും താൽക്കാലിക വിസിമാരെ നിയമിച്ചത്തിലുള്ള എതിർപ്പും മന്ത്രിമാർ ഗവർണറെ അറിയിക്കാനും തീരുമാനിച്ചിരുന്നു.
കോടതി ഉത്തരവ് മറികടന്നാണ് ഗവർണറുടെ തീരുമാനം എന്നാണ് സർക്കാർ നിലപാട്. വിസിമാരുടെ നിയമനം ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സർക്കാർ പട്ടികയിൽ നിന്ന് നിയമനം നടത്തണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് രണ്ടാമതും മുഖ്യമന്ത്രി കത്തയച്ചിരുന്നു.
















