കലാഭവൻ നവാസിന്റെ വേർപാടിൽ പ്രതികരിച്ച് നടൻ സുരാജ് വെഞ്ഞാറമൂട്. വിശ്വസിക്കാൻ ആകുന്നില്ല, ഓടി എത്തിയപ്പോഴേക്കും കാണുവാനും കഴിഞ്ഞില്ലെന്നുമാണ് സുരാജ് പറഞ്ഞത്. ഫെയ്സ്ബുക്ക് കുറിപ്പിലായിരുന്നു പ്രതികരണം. വെള്ളിയാഴ്ച രാത്രിയിലാണ് കലാഭവൻ നവാസ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്.
കുറിപ്പ് വായിക്കാം…
സിനിമയിലൂടെ എന്റെ ജീവിതത്തിലേക്ക് കൂടി നടന്നു കയറിയ വളരെകുറച്ചു ചങ്ങാതിമാരിൽ ഒരാളായിരുന്നു പ്രിയപ്പെട്ട നവാസിക്ക…
ഒരു കലാകാരൻ എന്ന നിലയിൽ മാത്രമല്ല ഒരു പാട് നന്മയും മറ്റുള്ളവരോട് കരുതലുമുള്ള ഒരു തികഞ്ഞ മനുഷ്യസ്നേഹി…
ഞങ്ങൾ പരിചയപ്പെടുന്ന കാലത്ത് ഞാൻ സിനിമയിൽ ഇല്ല…ഞങ്ങളുടെ പ്രോഗ്രാം വേദികളിൽ ഗസ്റ്റ് ആയിട്ട് സിനിമ താരമായ നവാസിക്കയെ കൊണ്ട് വരിക എന്നതായിരുന്നു അക്കാലത്തെ ഏറ്റവും വലിയ അഭിമാനം…
ഒരു നിശ്വാസത്തിനിടയിൽ പുരുഷന്റെയുംസ്ത്രീയുടെയും ശബ്ദം മാറി മാറി എടുക്കാൻ കഴിയുന്ന അപൂർവമായ കഴിവിന് അപ്പുറം ഇക്ക ഒരു അസ്സൽ ഗായകൻ കൂടിയാണ്… ഒരു തികഞ്ഞ കലാകാരൻ…
കാലങ്ങൾ കഴിഞ്ഞു പോകവേ ഓരോ കാഴ്ചയിലും ഞങ്ങൾ ഓരോ വേദികളിലും പങ്കിട്ട നിമിഷങ്ങളെ കുറിച്ചും അവിടുണ്ടായ രസകരമായ നിമിഷങ്ങളെയും കുറിച്ചു പറയുകയും ആർത്തലച്ചു ചിരിക്കുകയും ചെയ്യും…
ഈ അടുത്ത കാലത്ത് ഗംഭീര വേഷങ്ങളാണ് ഇക്കയെ തേടി എത്തിയിരുന്നത്.. അതിന്റെ സന്തോഷവും അവസാനം കണ്ടപ്പോൾ പങ്ക് വച്ചു കൈയുയർത്തി യാത്ര പറഞ്ഞങ്ങു നടന്നു പോയി…
വിശ്വസിക്കാൻ ആകുന്നില്ല… ഓടി എത്തിയപ്പോഴേക്കും കാണുവാനും കഴിഞ്ഞില്ല…
ഒരു നിമിഷം കൂടെ ഉണ്ടായിരുന്ന ഒരു മനുഷ്യൻ ഒന്നും പറയാതെയങ്ങു പോയി..
രഹ്‌നയോടും മക്കളോടും എന്ത് പറയുമെന്ന് അറിയില്ല. ആശ്വസിപ്പിക്കാൻ വാക്കുകളില്ല..അവർക്കു ഈ വേദനയേ അതിജീവിക്കാൻ കഴിയട്ടെ…
വിട 🙏🏽
content highlight: Navas
















