ന്യൂഡല്‍ഹി: ബിജെപി നോമിനി ആയിരിക്കും അടുത്ത ഉപരാഷ്ട്രപതിയെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. എന്നാൽ അത് ആരായിരിക്കുമെന്നത് തനിക്ക് ധാരണയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് സെപ്റ്റബര്‍ 9ന് നടക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചിട്ടുള്ളത്.
‘ഭരണകക്ഷി നാമനിര്‍ദ്ദേശം ചെയ്യുന്നയാളായിരിക്കും അടുത്തതെന്ന് നമുക്കെല്ലാം അറിയാം, കാരണം വോട്ടര്‍മാരുടെ ഘടന നമുക്ക് ഇതിനകം അറിയാവുന്നതാണ്. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ലോക്സഭയും രാജ്യസഭയും മാത്രമാണ് വോട്ട് ചെയ്യുന്നത്. സംസ്ഥാന നിയമസഭകളും വോട്ട് ചെയ്യുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ നിന്ന് ഇത് വ്യത്യസ്തമാണിത്. അതിനാല്‍ ഭൂരിപക്ഷം ആര്‍ക്കാണെന്ന് നമുക്ക് ഇതിനകം അറിയാം. അടുത്ത ഉപരാഷ്ട്രപതി ഭരണകക്ഷിയുടെ സ്ഥാനാര്‍ത്ഥിയായിരിക്കുമെന്ന് ഞാന്‍ കരുതുന്നു’ ശശി തരൂര്‍ പറഞ്ഞു.
അതേസമയം ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതില്‍ കേന്ദ്രം പ്രതിപക്ഷവുമായി കൂടിയാലോചിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും, പക്ഷേ ആര്‍ക്കറിയാമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് സെപ്റ്റബര്‍ ഒമ്പതിന് നടക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചിട്ടുള്ളത്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 21നാണ്. വോട്ടെടുപ്പ് ദിവസമായ സെപ്റ്റംബര്‍ 9 ന് തന്നെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.
രാജ്യസഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും നോമിനേറ്റഡ് അംഗങ്ങളും ലോക്സഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും ഉള്‍പ്പെടുന്ന ഒരു ഇലക്ടറല്‍ കോളേജാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. ഇരുസഭകളിലെയും ആകെ അംഗബലം 782 ആണ്. യോഗ്യരായ എല്ലാ അംഗങ്ങളും വോട്ടവകാശം വിനിയോഗിച്ചാല്‍, വിജയിക്കുന്ന ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിക്ക് 391 വോട്ടുകള്‍ ആവശ്യമാണ്. ലോക്സഭയിലെ 542 അംഗങ്ങളില്‍ 293 പേരുടെയും രാജ്യസഭയിലെ 240 അംഗങ്ങളില്‍ 129 പേരുടെയും പിന്തുണ എന്‍ഡിഎയ്ക്കുണ്ട്. ഇരുസഭകളില്‍നിന്നുമായി ഭരണസഖ്യത്തിന് 422 അംഗങ്ങളുടെ പിന്തുണയുണ്ട്.
















