ദുർഗ്: ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ കേസിൽ വെളിപ്പെടുത്തലുമായി പെൺകുട്ടികളിൽ ഒരാളുടെ അമ്മ. മകൾ കന്യാസ്ത്രീകൾക്കൊപ്പം പോയത് വീട്ടുകാരുടെ അനുവാദത്തോടെയാണ് പെൺകുട്ടികളിൽ ഒരാളായ കമലേശ്വരി പ്രധാൻ്റെ അമ്മ ബുദ്ദിയ പ്രധാൻ പറഞ്ഞു. കുടുംബത്തിന് കടം ഉണ്ടായിരുന്നു എന്നും ഇവർ പറഞ്ഞു.
കന്യാസ്ത്രീകൾ അറസ്റ്റിലായതിന് ശേഷം കുടുംബത്തിൽ ബജ്റംഗ്ദൾ പ്രവർത്തകരുടെ ഭീഷണിയുണ്ടായെന്നും ഇവർ പറഞ്ഞു. വീട്ടുകാരുടെ അനുവാദത്തോടെയാണ് മകൾ കന്യാസ്ത്രീകൾക്കൊപ്പം പോയത്. കുടുംബത്തിന് കടം ഉണ്ടായിരുന്നു. അഞ്ച് ലക്ഷം രൂപ കടമെടുത്താണ് വീട് നിർമിച്ചത്. ഇതിൻ്റെ കടം തീർക്കാനാണ് ജോലിക്ക് വിട്ടത്. ഭക്ഷണം ഉണ്ടാക്കുന്ന ജോലിയായിരുന്നു. ഗ്രാമത്തിൽ നിന്ന് പലരും ജോലിക്കായി പുറത്ത് പോകാറുണ്ട്. ഇതിന് സർക്കാരിൽ നിന്ന് പ്രത്യേക അനുമതി വാങ്ങാറില്ലെന്നും പെൺകുട്ടിയുടെ അമ്മ പറഞ്ഞു. നേരത്തെ ഹിന്ദുമത വിശ്വാസികളായിരുന്നു. എന്നാൽ, കഴിഞ്ഞ അഞ്ച് വർഷമായി ക്രിസ്ത്യൻ വിശ്വാസികളാണ്. കന്യാസ്ത്രീകൾ ദുർഗിൽ അറസ്റ്റിലായതിന് ശേഷം കുടുംബത്തിൽ ബജ്റംഗ്ദൾ പ്രവർത്തകരുടെ ഭീഷണിയുണ്ടായെന്നും ഇവർ വ്യക്തമാക്കി.
മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ചുമത്തിയാണ് രണ്ട് മലയാളി കന്യാസ്ത്രീകളെ ദുർഗിൽ അറസ്റ്റ് ചെയ്തത്. ഒൻപത് ദിവസത്തെ ജയിൽ വാസത്തിനൊടുവിൽ ഇന്നലെയാണ് കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചത്. ബിലാസ്പൂരിലെ എൻഐഎ കോടതിയാണ് ഉപാധികളോടെ കന്യാസ്ത്രീകൾക്ക് ജാമ്യം അനുവദിച്ചത്.
















