മഴക്കാലത്ത് അടുക്കള വൃത്തിയോടെയും ശുചിത്വത്തോടെയും പരിപാലിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. എപ്പോഴും ഈർപ്പം ഉണ്ടാകാൻ സാധ്യതയുള്ള ഇടമായതിനാൽ മഴക്കാലത്ത് അടുക്കളയുടെ വൃത്തിയുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം. മഴക്കാലത്ത് അടുക്കളയിൽ ഈർപ്പം വർധിക്കാനും പൂപ്പലും ദുർഗന്ധവും ഉണ്ടാകാനും സാധ്യത കൂടുതലാണ്. ഇത് ആരോഗ്യത്തെ മോശമാക്കാനും സാധ്യതയുണ്ട്. അതിനാൽ മഴക്കാലത്ത് അടുക്കള വൃത്തിയായി സൂക്ഷിക്കാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് അറിയാം.
മഴക്കാലത്ത് ഈർപ്പം വർധിക്കുന്നതോടെ ഈച്ച ശല്യം രൂക്ഷമായേക്കും. അതിനാൽ പ്രതലങ്ങൾ ഈർപ്പരഹിതമായി ഉണങ്ങിയതായി സൂക്ഷിക്കാൻ ശ്രദ്ധിക്കുക. ഈർപ്പം ഉണ്ടെങ്കിൽ ഫംഗസുകൾ വളരാനും സാധ്യതയുണ്ട്. അതിനാൽ തന്നെ അടുക്കളയിൽ വെള്ളം അധികമായി തറയിലും മറ്റ് പ്രതലങ്ങളിലും ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക.
പാത്രങ്ങൾ കഴുകി മാറ്റിയതിന് ശേഷം കൗണ്ടർടോപ്പുകൾ തുടച്ച് വൃത്തിയാക്കിയതിന് ശേഷം ഉണങ്ങിയ തുണി കൊണ്ട് വീണ്ടും തുടയ്ക്കുന്നത് ജലാംശം പൂർണമായും ഇല്ലാതാക്കാൻ സഹായിക്കും. ഷെൽഫുകൾ, സിങ്ക്, സ്റ്റൗവ് എന്നിവയെല്ലാം ഇത്തരത്തിൽ ഉണങ്ങിയ തുണി ഉപയോഗിച്ച് വൃത്തിയാക്കണം. സിങ്ക്, കൗണ്ടർ ടോപ്പ് എന്നിവിടങ്ങളിൽ ചോർച്ച ഉണ്ടെങ്കിൽ ഉടൻ പരിഹരിക്കാനും ശ്രദ്ധിക്കണം.
അടുക്കളയിലെ വായുവിൽ ഈർപ്പം ഉണ്ടായാൽ ദുർഗന്ധമുണ്ടാകാൻ കാരണമാകും. ഇത്തരം സാഹചര്യങ്ങളിൽ കരി, കല്ലുപ്പ്, ബേക്കിങ് സോഡ എന്നിവ പ്രകൃതിദത്ത ഡീഹ്യുമിഡിഫയറുകളായി ഉപയോഗിക്കാവുന്നതാണ്. ഇവയിൽ ഏതെങ്കിലും വസ്തുക്കൾ എടുത്ത് ഒരു ചെറിയ ബ്ലൗളിലാക്കി ക്യാബിനുകൾക്ക് ഉള്ളിലോ അടുക്കളയുടെ ഏതെങ്കിലും ഭാഗത്തോ സൂക്ഷിച്ചാൽ അന്തരീക്ഷത്തിലെ അധിക ഈർപ്പം ഇവ വലിച്ചെടുക്കും. രണ്ട്, മൂന്ന് ദിവസം ഇടവിട്ട് ഇവ മാറ്റാനും ശ്രദ്ധിക്കണം.
















