അടുക്കള വൃത്തിയാക്കുന്നതിനൊപ്പം തന്നെ അവിടെ നമ്മൾ ഉപയോഗിക്കുന്ന ഓരോ സാധനവും അത്രയ്ക്കും വൃത്തിയോടെയാകണം. കാരണം നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്ന വിഷയങ്ങളാണിത്. അടുക്കളയ്ക്കൊപ്പം തന്നെ പാത്രങ്ങളും എല്ലാം വളരെ വൃത്തിയായി തന്നെ വേണം സൂക്ഷിക്കാൻ.
പച്ചക്കറികൾ അരിയാനും മത്സ്യമാംസങ്ങളും മറ്റും മുറിക്കാനുമൊക്കെയായി നമ്മൾ ഉപയോഗിക്കുന്ന ഒന്നാണ് ചോപ്പിങ് ബോർഡ്. ഇന്ന് മിക്കവരും ഇത് ഉപയോഗിക്കാറുണ്ട്. കയ്യിൽ വച്ച് തന്നെ അരിയുന്നവർ ചുരുക്കമാകും. കട്ടിംഗ് ബോർഡ് എല്ലാ വീട്ടിലെയും അടുക്കളയിൽ എപ്പോഴും ഉണ്ടാകുന്ന ഒന്നാണ്.
കുറെ കഴിയുമ്പോഴേക്കും ഇതിൽ കറയും മറ്റും പിടിച്ച് ചോപ്പിങ് ബോർഡിന്റെ നിറം തന്നെ മാറിയേക്കും. എത്ര ഉരച്ച് കഴുകിയാലും അവ പോകാനും ഏറെ ബുദ്ധിമുട്ടായിരിക്കും
പ്ലാസ്റ്റിക് ചോപ്പിങ് ബോർഡിലെ കറ കളയാനായി കുറച്ച് ബേക്കിങ് സോഡയും നാരങ്ങയും വിനാഗിരിയും മാത്രമാണ് നിങ്ങൾക്കാവശ്യമായി വരുന്നത്. ആദ്യം തന്നെ ചോപ്പിങ് ബോർഡ് എടുത്ത് അതിലേക്ക് അൽപം ബേക്കിംഗ് സോഡ ഇടുക. ബേക്കിംഗ് സോഡ ബോർഡിൽ മുഴുവനും തേച്ച്പിടിപ്പിക്കണം. ഇനി ഇതിലേക്ക് ഒരു മുറി നാരങ്ങ പിഴിയുക. നീര് മുഴുവൻ പിഴിഞ്ഞ ശേഷം നാരങ്ങത്തൊലി ഉപയോഗിച്ച് ചോപ്പിംഗ് ബോർഡിൽ ഉരയ്ക്കണം. ശേഷം അതിലേക്ക് അൽപം വിനാഗിരി കൂടി ഒഴിച്ച് സ്ക്രബ് ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകുക. ഇങ്ങനെ ചെയ്യുമ്പോൾ ചോപ്പിംഗ് ബോർഡിലെ കറ പോകുന്നതാണ്.
















