ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറൻ അന്തരിച്ചു. 81 വയസായിരുന്നു. ഒരു മാസത്തിലേറെയായി ഡൽഹിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. വൃക്ക സംബന്ധമായ പ്രശ്‌നത്തെ തുടർന്ന് ജൂൺ അവസാനമാണ് ഷിബു സോറനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹത്തിൻ്റെ നില ഗുരുതരമായി തുടരുകയും വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ ചികിത്സ തേടുകയും ചെയ്‌തിരുന്നു. ഷിബു സോറൻ്റെ മകനും ജാർഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറനാണ് മരണ വാര്‍ത്ത പുറത്തുവിട്ടത്. “ആദരണീയ ഗുരു ദിശോം നമ്മളെയെല്ലാം വിട്ടുപോയി. എൻ്റെ മനസ് ഇപ്പോള്‍ ശൂന്യമാണ്” പിതാവിൻ്റെ മരണവിവരം അറിയിച്ചു കൊണ്ട് ഹേമന്ത് സോറൻ കുറിച്ചു. 38 വർഷക്കാലം ജാർഖണ്ഡ് മുക്തി മോർച്ചയെ നയിച്ച ഷിബു സോറൻ പാർട്ടിയുടെ സ്ഥാപക രക്ഷാധികാരിയായി അറിയപ്പെടുന്നു.















