ഓവലിൽ നടക്കുന്ന അഞ്ചാം ടെസ്റ്റിന്‍റെ നാലാം ദിനം വെളിച്ചക്കുറവും തുടർന്നുള്ള മഴയും കാരണം നേരത്തെ അവസാനിച്ചു. ആവേശകരമായ മത്സരത്തിന്‍റെ അഞ്ചാം ദിവസം ഇംഗ്ലണ്ടിന് ജയിക്കാൻ 35 റൺസ് കൂടി വേണം. അതേസമയം ഇന്ത്യയ്ക്ക് അത്ഭുതകരമായ വിജയത്തിന് നാല് വിക്കറ്റുകൾ ആവശ്യമാണ്. മഴ കാരണം മത്സരം ഇന്നത്തേക്ക് കൂടി നീട്ടുകയായിരുന്നു. ഇന്ത്യ ഉയർത്തിയ 374 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് ഇന്നിങ്സിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 339 റൺസെന്ന നിലയിലാണ്. ജോ റൂട്ടും ഹാരി ബ്രൂക്കും നേടിയ സെഞ്ച്വറികളുടെ പിൻബലത്തിലാണ് ഇംഗ്ലണ്ട് വിജയലക്ഷ്യത്തിലേക്ക് അടുത്തെത്തിയത്. അതേസമയം പരുക്കേറ്റ ക്രിസ് വോക്‌സ് ബാറ്റു ചെയ്‌തില്ലെങ്കിൽ മൂന്നു വിക്കറ്റ് വീണാലും കളി ജയിക്കാന്‍ ഇന്ത്യയ്ക്ക് സഹായകമാകും.
152 പന്തിൽ നിന്ന് 105 റൺസ് നേടിയ റൂട്ടിന്‍റെ 39-ാമത്തെ ടെസ്റ്റ് സെഞ്ച്വറി താരം ഇതിഹാസ ക്രിക്കറ്റ് താരം ഗ്രഹാം തോർപ്പിന് സമർപ്പിച്ചു. ഹാരി ബ്രൂക്ക് 98 പന്തിൽ നിന്ന് 111 റൺസ് നേടി, ടെസ്റ്റിലെ തന്‍റെ പത്താമത്തെ സെഞ്ച്വറിയും സ്വന്തമാക്കി. ഓവലിൽ ഏതൊരു ടീമും പിന്തുടർന്ന രണ്ടാമത്തെ ഉയർന്ന ലക്ഷ്യം കൈവരിക്കാമെന്ന പ്രതീക്ഷയാണ് ഇരുതാരങ്ങളും ഇംഗ്ലണ്ടിന് നൽകുന്നത്. റൂട്ടും ബ്രൂക്കും 195 റൺസിന്‍റെ മികച്ച മറുപടി കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ബെൻ ഡക്കറ്റ് (83 പന്തിൽ 54), ഒലി പോപ് (34 പന്തിൽ 27), സാക് ക്രൗലി (36 പന്തിൽ 14) എന്നിവരാണ് ഇംഗ്ലണ്ടിന്‍റെ മറ്റു പ്രധാന സ്കോറർമാർ. ഇന്ത്യയ്ക്കായി പ്രസിദ്ധ് കൃഷ്‌ണ മൂന്നും മുഹമ്മദ് സിറാജ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
ഇംഗ്ലണ്ടിന്‍റെ വിജയം ഏതാണ്ട് ഉറപ്പാണെന്ന് തോന്നിയപ്പോൾ ഇന്ത്യൻ ബൗളർമാർ തിരിച്ചടിക്കാന്‍ തുടങ്ങി. പ്രസിദ്ധ് കൃഷ്‌ണ റൂട്ടിനെയും ജേക്കബ് ബെഥേലിനെയും പുറത്താക്കി മത്സരത്തിന് പുതിയൊരു വഴിത്തിരിവ് നൽകി. മേഘാവൃതമായ കാലാവസ്ഥയായിരുന്നെങ്കിലും ഇന്ത്യ താളം കണ്ടെത്തി. ഇത് ജാമി സ്‌മിത്തിനും ജാമി ഓവർട്ടണിനും പ്രശ്‌നങ്ങൾ സൃഷ്ടിച്ചു. ഇന്ത്യക്ക് മത്സരം മുന്നോട്ട് കൊണ്ടുപോകാൻ കഴിയും മുമ്പ്, മഴയെ തുടര്‍ന്ന് കളി നേരത്തേ നിർത്തിവച്ചു. അതേസമയം പരിക്കേറ്റ ക്രിസ് വോക്‌സും ബാറ്റ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. നാലാം ദിവസത്തെ കളി അവസാനിച്ച ശേഷം, ആവശ്യമെങ്കിൽ വോക്‌സ് ബാറ്റ് ചെയ്യാൻ വരുമെന്ന് റൂട്ട് പത്രസമ്മേളനത്തിൽ പറഞ്ഞു















