2026 സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ ഇന്ത്യയുടെ സ്മാർട്ട്ഫോൺ കയറ്റുമതിയിൽ റെക്കോർഡ്. 7.72 ബില്യൺ ഡോളർ കയറ്റുമതി റെക്കോർഡാണ് ഇന്ത്യ കൈവരിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 4.9 ബില്യൺ ഡോളറായിരുന്ന കയറ്റുമതി വ്യാപാരമാണ് 7.72 ബില്യൺ ഡോളറിലെത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം 58 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്.
ആപ്പിൾ ഇൻകോർപ്പറേറ്റഡിൻ്റെ മാത്രം കണക്കിലും വലിയ വർധനവാണുള്ളത്. ആറ് ബില്യൺ ഡോളറിൻ്റെ ഐഫോണുകൾ കയറ്റുമതി ചെയ്തതായാണ് കണക്ക്. ഇതും മുൻ വർഷത്തെ അപേക്ഷിച്ച് 82 ശതമാനം വർധനവാണ് കാണിക്കുന്നത്. സ്മാർട്ട്ഫോൺ കയറ്റുമതിയിൽ ആദ്യമായാണ് ഇന്ത്യ മറ്റ് രാജ്യങ്ങളെ മറികടക്കുന്നത്. സ്മാർട്ട്ഫോൺ കയറ്റുമതിയിൽ 78 ശതമാനവും ആപ്പിളിൻ്റെ ഫോണുകളാണ്. പ്രാദേശിക ഉത്പാദനം വർധിച്ചത് ഇന്ത്യയ്ക്ക് ഗുണകരമായെന്നാണ് വിലയിരുത്തൽ.
2020ൽ ഇന്ത്യ അവതരിപ്പിച്ച പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെൻ്റീവ് (പിഎൽഐ) പ്രോഗ്രാം പദ്ധതിയാണ് ഈ വർധനവിന് കാരണമെന്നാണ് റിപ്പോർട്ടുകൾ. പദ്ധതി ആവിഷ്കരിച്ചതിന് ശേഷം 2021 സാമ്പത്തിക വർഷത്തിൽ ഇന്ത്യ 3.1 ബില്യൺ ഡോളറിൻ്റെ സ്മാർട്ട്ഫോണുകളാണ് കയറ്റുമതി ചെയ്തത്. 2025 സാമ്പത്തിക വർഷമായപ്പോള്‍ ഇത് 24.1 ബില്യൺ ഡോളറായി വർധിച്ചു. അതിൽ 17.5 ബില്യൺ ഡോളർ ആപ്പിളിൽ നിന്നാണ്.
2026 സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പാദത്തിൽ, ഇന്ത്യയുടെ മൊത്തം ഇലക്ട്രോണിക്സ് കയറ്റുമതി 12.4 ബില്യൺ ഡോളറിലെത്തി. വർഷം തോറും 48 ശതമാനം വർധനവാണ് കാണിക്കുന്നത്. ഇതിൽ 62 ശതമാനവും സ്മാർട്ട്ഫോണുകളാണ് കയറ്റുമതി ചെയ്യുന്നത്. മൂല്യവർധിത ഇലക്ട്രോണിക്സ് നിർമാണത്തിലെ മാറ്റമാണ് ഈ നേട്ടങ്ങള്‍ സൂചിപ്പിക്കുന്നത്.
175 മില്യൺ ഡോളറിൻ്റെ സ്മാർട്ട്ഫോണുകൾ കയറ്റുമതി ചെയ്ത ഡിക്സൺ ടെക്നോളജീസ്, അനുബന്ധ സ്ഥാപനമായ പാഡ്ജെറ്റ് ഇലക്ട്രോണിക്സ്, സാംസങ് എന്നിവയാണ് സ്മാർട്ട്ഫോൺ കയറ്റുമതിയുടെ 12 ശതമാനം സംഭാവന ചെയ്തിരിക്കുന്നത്. അമേരിക്കയുടെ നിലവിലെ ഇറക്കുമതി തീരുവ ഓഗസ്റ്റ് 14ഓടെ പ്രാബല്യത്തിൽ വരും. ഇത് ഇന്ത്യയുടെ കയറ്റുമതി വ്യാപാരത്തെ കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. അമേരിക്കയുമായുള്ള ഇറക്കുമതി തീരുവയുടെ അനിശ്ചിതത്വം നിലനിൽക്കുന്നതിനിടയിലും ഇന്ത്യയുടെ ഈ നേട്ടം വ്യാപാര രംഗത്ത് വലിയ പ്രതീക്ഷയാണ്.
ടെക്നോളജി രംഗത്തെ ആഗോള അനലിസ്റ്റ് കമ്പനിയായ കാനലിസിൻ്റെ റിപ്പോർട്ട് പ്രകാരം ഏപ്രിൽ-ജൂൺ കാലയളവിൽ അമേരിക്കയിലേക്കെത്തുന്ന സ്മാർട്ട്ഫോണുകളിൽ 44 ശതമാനം വരെ ഇന്ത്യയിൽ നിന്നുള്ളതാണ്. ഒരു വർഷത്തിനിടെ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയിൽ 240 ശതമാനമാണ് വർധന. 2024 ഏപ്രിൽ-ജൂൺ മാസക്കാലത്ത് ഇന്ത്യയിൽ നിന്നുള്ള വിഹിതം 13 ശതമാനം മാത്രമായിരുന്നു. അതേസമയം, ചൈനയിൽ നിന്നുള്ള ഫോൺ ഇറക്കുമതി മുൻവർഷത്തെ 61 ശതമാനത്തിൽ നിന്ന് 25 ശതമാനമായി കുറഞ്ഞതായും കാനലിസ് പറയുന്നു.
അതേസമയം ആപ്പിളിൻ്റെ വിതരണ ശൃംഖലയിലെ മാറ്റമാണ് അമേരിക്കയിലേക്കുള്ള സ്മാർട്ട്ഫോണുകളിൽ കൂടുതൽ ഇന്ത്യയിൽ നിന്നാകാൻ കാരണമെന്ന് റിപ്പോർട്ടുകള്‍. ചൈനയ്ക്കുള്ള പകരച്ചുങ്കം ഉയർത്തിയതിനെത്തുടർന്ന് ഇന്ത്യയിൽ ഉത്പാദനശേഷി ഉയർത്തിക്കൊണ്ടിരിക്കുകയാണ് ആപ്പിൾ. കൊവിഡിനുശേഷം ചൈനയ്ക്കൊപ്പം മറ്റൊരു ഉത്പാദനകേന്ദ്രമെന്ന ലക്ഷ്യമാണ് ആപ്പിളിനെ ഇന്ത്യയിലെത്തിച്ചിരിക്കുന്നതെന്നും വിദഗ്ധർ പറയുന്നു.
















