31-ാം തവണയും അവകാശവാദം ഉന്നയിച്ച് ട്രംപ് രംഗത്ത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമീപകാല സംഘര്‍ഷം ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ചതിൻ്റെ അവകാശ വാദം വീണ്ടും ഉന്നയിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഒരു ദിവസം മുമ്പ്, ന്യൂസ്‌മക്‌സിന് നൽകിയ അഭിമുഖത്തിൽ വച്ചാണ് ഇന്ത്യ പാകിസ്ഥാന്‍ മധ്യസ്ഥതയ്ക്ക് പുറമെ നിരവധി രാജ്യങ്ങളുടെ യുദ്ധ മധ്യസ്ഥത അവകാശവാദവും ട്രംപ് ഉന്നയിച്ചത്.
ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടന്ന ആണവയുദ്ധങ്ങളിലൊന്ന് താനാണ് പരിഹരിച്ചത്. ഇതിന് പുറമെ തായ്‌ലൻഡും കംബോഡിയയും തമ്മിലുള്ളതും കോംഗോയും റുവാണ്ടയും തമ്മിലുള്ളതുമായ സംഘർഷം പരിഹരിച്ചതായും ട്രംപ് പറഞ്ഞു. മെയ് 10 ന് രാത്രി ഏറെ നീണ്ട് നിന്ന ചര്‍ച്ചകള്‍ക്ക് ശേഷം അമേരിക്കയുടെ മധ്യസ്ഥതയില്‍ ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തലിന് സമ്മതിച്ചതായി ട്രംപ് സോഷ്യല്‍ മീഡിയയില്‍ പ്രഖ്യാപിച്ചിരുന്നു.
തുടര്‍ന്ന് പലതവണ അവകാശവാദം പല പരിപാടികളിലും ട്രംപ് ഉന്നയിച്ചു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം ഉൾപ്പെടെ ലോകമെമ്പാടുമുള്ള നിരവധി സംഘർഷങ്ങൾ അവസാനിപ്പിച്ചതിന് ട്രംപിന് സമാധാനത്തിനുള്ള നെബേൽ സമ്മാനം നൽകണമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞ് ദിവസങ്ങൾക്ക് ശേഷമാണ് ട്രംപിൻ്റെ ഏറ്റവും പുതിയ അവകാശ വാദം.
അവകാശ വാദവുമായി ബന്ധപ്പെട്ട് റേഡിയോ അവതാരകനും എഴുത്തുകാരനുമായ ചാർലമാഗ്നെ താ ഗോഡിനെ സമൂഹ മാധ്യമമായ ട്രൂത്ത് സേഷ്യലിലൂടെ ട്രംപ് ആഞ്ഞ് അടിച്ചു. “കോംഗോ റിപ്പബ്ലിക്കും റുവാണ്ടയും തമ്മിലുള്ള 31 വർഷത്തെ രക്തരൂക്ഷിതമായ പോരാട്ടം ഉൾപ്പെടെ 5 യുദ്ധങ്ങൾ ഞങ്ങള്‍ അവസാനിപ്പിച്ചു. അവിടെ ഏഴ് ദശലക്ഷം ആളുകൾ മരിച്ചു. ആ യുദ്ധത്തിന് അവസാനം കാണാനും അമേരിക്ക വേണ്ടി വന്നു” -ന്യൂസ്‌മക്‌സിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു.
എല്ലാ യുദ്ധങ്ങളും താന്‍ ഒത്തു തീര്‍ത്തെന്നും തുടര്‍ന്നാല്‍ അമേരിക്കയുമായി വ്യാപാര കരാര്‍ ഉണ്ടാക്കാന്‍ കഴിയില്ലെന്നും ഇന്ത്യക്കും പാകിസ്ഥാനും മുന്നറിയിപ്പ് നല്‍കിയെന്നും ട്രംപ് അവകാശപ്പെട്ടു. കൂടാതെ എൻ്റെ മധ്യസ്ഥതയില്‍ ധാരാളം യുദ്ധങ്ങൾ പരിഹരിക്കുകയും ദശലക്ഷക്കണക്കിന് ജീവൻ രക്ഷിക്കുകയും ചെയ്തെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
















