സിനിമാ കോൺക്ലേവിൽ അടുർ ഗോപാലകൃഷ്ണൻ നടത്തിയ പരാമർശത്തിൽ പ്രതികരണവുമായി മന്ത്രി വിഎൻ വാസവൻ അടൂരിൻ്റെ പരാമർശം ദുരുദ്ദേശത്തോടെയെന്ന് കരുതുന്നില്ലെന്നും അടൂർ പറഞ്ഞതിനെ മറ്റൊരു രൂപത്തിൽ വ്യാഖ്യാനിച്ചതാണോ എന്ന് സംശയിക്കുന്നതായും മന്ത്രി പറഞ്ഞു. മലയാള സിനിമയെ ലോകോത്തര നിലവാരത്തിലേക്ക് എത്തിക്കാൻ അടൂർ നൽകിയ സംഭാവനകൾ എന്താണെന്ന് എല്ലാവർക്കും അറിയാം. സർക്കാരിന്റെ നിലപാടിനെ വിമർശിച്ചുകൊണ്ടല്ല അടൂർ സംസാരിച്ചത്. സിനിമ നിർമ്മാണത്തിനായി പണം കൊടുക്കുമ്പോൾ അത് വേണ്ട വിധത്തിൽ ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് ശ്രദ്ധിക്കമെന്നാണ് അദ്ദേഹം പറഞ്ഞത്. സാംസ്കാരിക വകുപ്പ് മന്ത്രി വേദിയിൽ വച്ചുതന്നെ പ്രതികരിച്ചിട്ടുണ്ട്. ആ നിലപാട് തന്നെയാണ് സർക്കാരിന്റെയും നിലപാട്. വനിതകളേയും എസ്ടി/എസ് സി മേഖലയിലെ കലാ പ്രതിഭകളെയും പ്രോത്സാഹിപ്പിക്കുന്നതാണ് സർക്കാർ നിലപാടെന്നും മന്ത്രി വാസവൻ പറഞ്ഞു. സിനിമാ നയരൂപീകരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സംഘടിപ്പിച്ച സിനിമാ കോണ്‍ക്ലേവില്‍ അടൂര്‍ ഗോപാലകൃഷ്ണൻ നടത്തിയ പരാമർശങ്ങളാണ് വിവാദമായത്. പട്ടികജാതി വിഭാഗത്തില്‍ നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് പരിശീലനം നല്‍കണമെന്നായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശം. ചലച്ചിത്ര കോർപറേഷന്‍ വെറുതെ പണം നല്‍കരുതെന്നും ഒന്നര കോടി നല്‍കിയത് വളരെ കൂടുതലാണെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. സ്ത്രീകളായത് കൊണ്ട് മാത്രം അവസരം കൊടുക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















